തൊഴിലാളികൾക്ക് ബലിപെരുന്നാൾ ആഘോഷവുമായി യുഎഇ

ദുബായ് : ബലിപെരുന്നാൾ അവധിയോടനുബന്ധിച്ച് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികൾക്കായി പ്രത്യേക ആഘോഷ പരിപാടികളിൽ സംഘടിപ്പിച്ചു. 30 കേന്ദ്രത്തിലായി നടന്ന പരിപാടിയിൽ മൂന്നുലക്ഷത്തിലധികം പേർ പങ്കെടുത്തു. വിനോദപരിപാടികൾ, നാടൻ കലാപ്രകടനങ്ങൾ, വിവിധ മത്സരങ്ങൾ, സമ്മാനക്കൂപ്പൺ നറുക്കെടുപ്പുകൾ എന്നിവ നടന്നു. കാറും വിമാനയാത്രാ ടിക്കറ്റുകളും ഉൾപ്പെടെയുള്ള വിലയേറിയ സമ്മാനങ്ങൾ വിജയികൾക്ക് വിതരണം ചെയ്തു.
തൊഴിലാളികളുടെ ക്ഷേമത്തിനും സാമൂഹിക പങ്കാളിത്തത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ ഫെഡറൽ-പ്രാദേശിക സർക്കാർ വകുപ്പുകൾ, അടിയന്തര സേവന വിഭാഗങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. നിരവധി സ്വകാര്യ സ്ഥാപനങ്ങളും സ്വന്തം നിലയിൽ തൊഴിലാളികൾക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.
രാജ്യത്തിന്റെ വളർച്ചയിലും വികസനത്തിലും നിർണായക പങ്കുവഹിക്കുന്ന തൊഴിലാളികളുടെ സംഭാവനകളെ ആദരിക്കുക, അവരുടെ സമൂഹബോധം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.










0 comments