പറക്കും ടാക്‌സികളുടെ റൂട്ട് മാപ്പ്: നടപടി ആരംഭിച്ചതായി യുഎഇ വ്യോമയാന അതോറിറ്റി

ദിലീപ് സി എൻ എൻ
Published on Feb 16, 2025, 03:37 PM | 1 min read
ദുബായ്: പറക്കും ടാക്‌സികളുടെയും കാർഗോ ഡ്രോണുകളുടെയും യാത്രാപഥം തീരുമാനിക്കാനുള്ള വ്യോമ ഇടനാഴിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി യുഎഇ വ്യോമയാന അതോറിറ്റി അറിയിച്ചു. അടുത്ത 20 മാസത്തിനുള്ളിൽ ആകാശ ഇടനാഴികളും നിയന്ത്രണങ്ങളും നിർവചിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
വ്യോമഗതാഗതം സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജിസിഎഎ ഡയറക്‌ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു. ഇത് രാജ്യത്തിലെ നഗര ഗതാഗതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. യുഎഇയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും സ്ഥലങ്ങളെയും ബന്ധിപ്പിച്ചായിരിക്കും യാത്രാപഥം തയ്യാറാക്കുക. രാജ്യത്തിന്റെ നഗര ഭൂപ്രകൃതികളിലുടനീളം പറക്കും ടാക്‌സികളുടെയും കാർഗോ ഡ്രോണുകളുടെയും സുഗമമായ സംയോജനം ഉറപ്പാക്കുന്ന രീതിയിൽ അത് കൂടുതൽ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പറക്കും ടാക്‌സി പദ്ധതി ആരംഭിക്കുന്ന ലോകത്തിലെ ആദ്യ നഗരമായി ദുബായ് മാറാനൊരുങ്ങുകയാണ്. 2026ന്റെ ആദ്യ പാദത്തിൽ ടാക്‌സി സേവനം ആരംഭിക്കും.
കഴിഞ്ഞ ജനുവരി ഒമ്പതിന് പറക്കും ടാക്‌സിക്കായുള്ള രാജ്യത്തെ ആദ്യ വാണിജ്യ വെർട്ടിപോർട്ട് പ്രഖ്യാപിച്ചിരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് സ്ഥാപിക്കുന്ന ഈ വെർട്ടിപോർട്ടിന് ദുബായ് ഇന്റർനാഷണൽ വെർട്ടിപോർട്ട് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇതിനു പുറമെ, അൽ ബത്തീൻ, യാസ് ഐലൻഡ്, ഖലീഫ തുറമുഖം എന്നിവയുൾപ്പെടെ അബുദാബിയിലെ പ്രധാന സ്ഥലങ്ങളിൽ വെർട്ടിപോർട്ടുകൾ നിർമിക്കുമെന്ന് കഴിഞ്ഞാഴ്ച അധികൃതർ പ്രഖ്യാപിച്ചിരുന്നു. 2026ൽ പ്രവർത്തനം ആരംഭിക്കുന്ന പറക്കും ടാക്‌സികളുടെ ടേക്ക് ഓഫ്, ലാൻഡിങ്, സർവീസ് എന്നിവയ്ക്കായാണ് വെർട്ടിപോർട്ടുകൾ നിർമിക്കുന്നത്. തിരക്കേറിയ നഗരങ്ങളിൽ യാത്രാസമയം നാലിലൊന്നായി കുറക്കാൻ പറക്കും ടാക്‌സികൾ വരുന്നതോടെ സാധിക്കുമെന്നാണ് പ്രതീക്ഷ.










0 comments