യുഎഇയിൽ വ്യോമ പ്രതിരോധ ജാഗ്രത ശക്തം; മിസൈൽ, ഡ്രോൺ ഭീഷണികൾ തടഞ്ഞതായി അധികൃതർ

ദുബായ് : ഇറാനിൽ നിന്ന് ലക്ഷ്യമിട്ട് എത്തിയ മിസൈൽ, ഡ്രോൺ ഭീഷണികൾക്കെതിരെ യുഎഇയുടെ വ്യോമ പ്രതിരോധ സേന ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതിന്റേതാണെന്ന് അധികൃതർ വ്യക്തമാക്കി.
ഫുജൈറ എമിറേറ്റിലെ ചില ഭാഗങ്ങളിൽ കേട്ട ശബ്ദങ്ങളും വ്യോമ പ്രതിരോധ ഇടപെടലുകളുടെ ഫലമാണെന്ന് ഫുജൈറ അധികൃതർ സ്ഥിരീകരിച്ചു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ ശാന്തത പാലിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾ പുറത്തിറക്കുന്ന സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. അപവാദങ്ങൾക്കും തെറ്റായ വിവരങ്ങൾക്കും വഴിവെക്കാതിരിക്കാൻ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ യുഎഇയിൽ സുരക്ഷാ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. വിവിധ എമിറേറ്റുകളിലെ സുരക്ഷാ ഏജൻസികൾ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരുന്നതായും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.











0 comments