ad
Deshabhimani

‘തുരയ്യ’ സീസൺ ആരംഭിക്കുന്നു; ജൂൺ 7 മുതൽ കുവൈത്ത് കൊടുംവേനലിലേക്ക്

ക്ലിനിക്കുകൾ തുടങ്ങി

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 31, 2026, 06:33 PM | 1 min read

കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ ചൂടും ശക്തമായ പൊടിക്കാറ്റും കൂടുതൽ രൂക്ഷമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ജൂൺ 7 മുതൽ കുവൈത്തിൽ കടുത്ത വേനലിന്റെയും പൊടിക്കാറ്റിന്റെയും തുടക്കമറിയിക്കുന്ന ‘തുരയ്യ’ സീസൺ ആരംഭിക്കുന്നതായി അൽ-ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ താപനിലയിൽ ഗണ്യമായ വർധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ആകാശത്ത് ‘തുരയ്യ’ നക്ഷത്രസമൂഹം പ്രത്യക്ഷപ്പെടുന്ന സമയമായതിനാലാണ് ഈ സീസണിന് ആ പേര് ലഭിച്ചത്. ജൂൺ 19 വരെ രാത്രികാലങ്ങളിൽ കിഴക്കൻ ചക്രവാളത്തിൽ ഈ നക്ഷത്രസമൂഹം ദൃശ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

സീസൺ ആരംഭിക്കുന്നതോടെ മേഖലയിൽ ‘ബവാരിഹ്’ കാറ്റുകൾ ശക്തിപ്രാപിക്കുമെന്നും ഇത് വ്യാപകമായ പൊടിക്കാറ്റിനും ദൂരക്കാഴ്ച കുറയുന്നതിനും കാരണമാകുമെന്നും അൽ-ഉജൈരി സെന്റർ മുന്നറിയിപ്പ് നൽകി. ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അന്തരീക്ഷത്തിൽ മണൽത്തരികൾ നിറയ്ക്കുകയും വായു ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യാൻ സാധ്യതയുണ്ട്.

ഇതോടെ കുവൈത്തും മറ്റ് ഗൾഫ് രാജ്യങ്ങളും വേനൽക്കാലത്തിന്റെ ഏറ്റവും തീവ്രമായ ഘട്ടങ്ങളിലൊന്നായ ‘മുറബ്ബഅനിയ്യത്തുൽ ഖൈള്’ കാലയളവിലേക്കാണ് കടക്കുന്നത്. ഈ ഘട്ടത്തിൽ വർഷത്തിലെ ഏറ്റവും ഉയർന്ന താപനിലകൾ രേഖപ്പെടുത്താൻ സാധ്യതയുള്ളതിനാൽ പകൽ സമയങ്ങളിൽ അതിശക്തമായ ചൂട് അനുഭവപ്പെടും.

സൂര്യൻ ഏറ്റവും വടക്കേ അറ്റത്തോട് ചേർന്ന് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന ജ്യോതിശാസ്ത്ര പ്രതിഭാസവും ഈ സമയത്താണ് സംഭവിക്കുന്നത്. കടുത്ത ചൂടും ശക്തമായ കാറ്റും പൊടിയും ഒരുമിച്ചെത്തുന്ന ഈ കാലാവസ്ഥാ മാറ്റം വരും ദിവസങ്ങളിൽ ജനജീവിതത്തെയും ഗതാഗത സംവിധാനങ്ങളെയും ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home