ad
Deshabhimani

ദുബായിൽ ട്രക്ക് ഡ്രൈവർമാർക്കായി മൂന്ന് വലിയ വിശ്രമ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

dubai

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 05, 2026, 09:55 PM | 2 min read

ദുബായ്: ട്രക്ക് ഡ്രൈവർമാർക്കായി മൂന്ന് വലിയ വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന പദ്ധതി പ്രഖ്യാപിച്ച് ദുബായ്. റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആകെ 2.1 ലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിക്കുന്ന ഈ കേന്ദ്രങ്ങൾ 490 ട്രക്കുകളും ഭാരവാഹനങ്ങളും ഒരേസമയം പാർക്ക് ചെയ്യാൻ കഴിയുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.


ഡ്രൈവർമാരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി താമസ സൗകര്യം, പരിപാലന കേന്ദ്രങ്ങൾ, പരിശീലന സൗകര്യങ്ങൾ, വ്യാപാര സേവനങ്ങൾ തുടങ്ങിയവ ഇവിടങ്ങളിൽ ഉൾപ്പെടും. പ്രധാന ഗതാഗത പാതകളുടെയും ലോജിസ്റ്റിക് കേന്ദ്രങ്ങളുടെയും സമീപ്യത കണക്കിലെടുത്താണ് കേന്ദ്രങ്ങളുടെ സ്ഥലങ്ങൾ നിശ്ചയിച്ചതെന്ന് അധികൃതർ അറിയിച്ചു. ദുബായിലെ ഗതാഗത-ലോജിസ്റ്റിക് സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ആർടിഎയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.


ലോജിസ്റ്റിക് മേഖലയിലെ വേഗത്തിലുള്ള വളർച്ചയെ പരിഗണിച്ചാണ് പദ്ധതി മുന്നോട്ടുവച്ചതെന്ന് ആർടിഎ ഡയറക്ടർ ജനറൽ മത്തർ അൽ തായർ വ്യക്തമാക്കി. ദുബായിൽ ദിവസേന 5 ലക്ഷം ട്രക്ക് യാത്രകൾ രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നും, ആകെ ട്രക്ക് ഗതാഗതത്തിൽ ഏകദേശം 83 ശതമാനവും എമിറേറ്റിനുള്ളിലെ ആഭ്യന്തര ഗതാഗതമാണെന്നും അദ്ദേഹം പറഞ്ഞു.


രജിസ്റ്റർ ചെയ്ത ട്രക്കുകളുടെ എണ്ണം 85,000 ആയി ഉയർന്നതും ഈ മേഖലയിലെ അടിസ്ഥാന സൗകര്യ ആവശ്യകത വർധിച്ചതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിലെ ചരക്ക് ഗതാഗത-ലോജിസ്റ്റിക് മേഖല രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ പ്രധാന തൂണാണെന്നും, ദുബായെ ആഗോള വ്യാപാര-വിതരണ ശൃംഖലകളുടെ കേന്ദ്രമായി ശക്തിപ്പെടുത്തുന്നതിലും ഇത് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.


ജെബൽ അലി 3-ന് സമീപമുള്ള കേന്ദ്രം 1 ലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ച് 250 ട്രക്കുകൾക്ക് സൗകര്യമൊരുക്കും. ഹെവി വാഹന പരിശോധന കേന്ദ്രം, ഡ്രൈവർ പരിശീലന കേന്ദ്രം, വാഹന പരിപാലന കേന്ദ്രങ്ങൾ, ലോജിസ്റ്റിക് ഗോഡൗണുകൾ, താമസ സൗകര്യം, വിശ്രമ മുറികൾ, ഇലക്ട്രിക് വാഹന ചാർജിംഗ്, ഡീസൽ പമ്പുകൾ എന്നിവ ഇവിടെ ഉണ്ടായിരിക്കും.


സൈഹ് ഷുഐബ് പ്രദേശത്ത്, Dദുബായ് ഇന്‍ഡസ്ട്രിയല്‍ സിറ്റി പ്രവേശന കവാടത്തിനടുത്തായി 51,000 ചതുരശ്ര മീറ്ററിൽ രണ്ടാമത്തെ കേന്ദ്രം സ്ഥാപിക്കും. 120 ട്രക്കുകൾക്ക് ഇവിടെ സൗകര്യമുണ്ടാകും. എമിറേറ്റ്സ് റോഡിനരികിലെ മദീനത് ഹിന്ദ് 2-ൽ, Al Tayy Racetrack സമീപത്ത് മൂന്നാമത്തെ കേന്ദ്രം 59,000 ചതുരശ്ര മീറ്ററിൽ നിർമ്മിക്കും. ഇതിലും 120 ട്രക്കുകൾക്ക് സൗകര്യമുണ്ടാകും.


പ്രധാന പാതകളിൽ 14 വിശ്രമ കേന്ദ്രങ്ങൾ


ഇതിനോടൊപ്പം, അബുദാബി നാഷണൽ ഓയിൽ കമ്പനിയുമായി സഹകരിച്ച് ആർടിഎ ഇതിനകം ആറു പ്രധാന ഗതാഗത പാതകളിലായി 14 ട്രക്ക് വിശ്രമ കേന്ദ്രങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ദുബായ്–ഹട്ട റോഡ്, ദുബായ്–അൽ ഐൻ റോഡ്, ജെബൽ അലി–ലെഹ്ബാബ് റോഡ്, അൽ അവീർ റോഡ് എന്നിവയാണ് പ്രധാന പാതകൾ. ഓരോ വിശ്രമ കേന്ദ്രവും 5,000 മുതൽ 10,000 ചതുരശ്ര മീറ്റർ വരെ വ്യാപിച്ച് 30 മുതൽ 40 വരെ ട്രക്കുകൾക്ക് സൗകര്യമൊരുക്കുന്നതാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home