വിദ്യാഭ്യാസ സൗകര്യം ശക്തിപ്പെടുത്തൽ; സബാഹ് അൽ അഹമ്മദ് സീ സിറ്റിയിൽ 7 സ്കൂൾ നിർമിക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ വികസിച്ചുവരുന്ന സബാഹ് അൽ അഹമ്മദ് സീ സിറ്റിയിൽ ഏഴ് പുതിയ സ്കൂൾ നിർമിക്കാൻ പദ്ധതി. പ്രദേശത്തെ ജനസംഖ്യാ വർധനയും കുടുംബങ്ങളുടെ വർധിച്ചുവരുന്ന ആവശ്യങ്ങളും വിലയിരുത്തി നടത്തിയ സമഗ്ര പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിദ്യാഭ്യാസ സൗകര്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പദ്ധതിക്ക് അനുമതി നൽകിയതായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
വിദ്യാർഥികൾക്ക് താമസമേഖലയിൽനിന്ന് എളുപ്പത്തിൽ എത്തിച്ചേരാനാകുന്ന രീതിയിലാണ് സ്കൂളുകളുടെ സ്ഥാനനിർണയം. കിന്റർഗാർട്ടൻമുതൽ പ്രൈമറി, ഇന്റർമീഡിയറ്റ്, സെക്കൻഡറി തലംവരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം സ്കൂളുകൾ ഉൾപ്പെടുത്തി സമഗ്ര വിദ്യാഭ്യാസ ശൃംഖല സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതോടെ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും പഠനം സ്വന്തം പ്രദേശത്തുതന്നെ തുടർച്ചയായി പൂർത്തിയാക്കാൻ സാധിക്കും.
ലഭ്യമായ ഭൂമി പരമാവധി പ്രയോജനപ്പെടുത്തി ആധുനിക വിദ്യാഭ്യാസ നിലവാരത്തിന് അനുസൃതമായ വാസ്‌തുവിദ്യാ രൂപകൽപനയാണ് തയ്യാറാക്കുന്നത്. പഠനത്തിനൊപ്പം കായിക-, സാംസ്‌കാരിക പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന രീതിയിൽ വിശാലമായ കളിസ്ഥലങ്ങൾ, ലബോറട്ടറികൾ, ലൈബ്രറികൾ, ഡിജിറ്റൽ പഠന സൗകര്യങ്ങൾ എന്നിവയും ഉൾപ്പെടുത്തും. സ്കൂളുകൾക്കായി നിശ്ചയിച്ച സ്ഥലങ്ങൾ കുവൈത്ത് മുനിസിപ്പാലിറ്റിയിൽനിന്ന് വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുത്തതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നിർമാണ ഘട്ടത്തിലേക്ക് കടക്കാനുള്ള നിർണായക നടപടികളിലൊന്നാണിത്. ഉടൻ ടെൻഡർ നടപടികൾ ആരംഭിച്ച് നിർമാണ കരാറുകൾ അനുവദിക്കാനാണ് പദ്ധതിയിടുന്നത്.
സുതാര്യതയും ഗുണനിലവാരവും ഉറപ്പുവരുത്തുന്ന രീതിയിലായിരിക്കും കരാറുകൾ അനുവദിക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. സമയബന്ധിതമായ പൂർത്തീകരണവും അന്താരാഷ്ട്ര നിലവാരങ്ങൾ പാലിക്കുന്നതും ഉറപ്പാക്കാൻ പ്രത്യേക മേൽനോട്ട സംവിധാനവും ഉണ്ടാകും. പദ്ധതി യാഥാർഥ്യമാകുന്നതോടെ സബാഹ് അൽ അഹമ്മദ് സീ സിറ്റിയിലെ കുടുംബങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. നഗരവികസനത്തോടൊപ്പം വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ സമാന്തരമായി വികസിപ്പിക്കാനുള്ള സർക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് പദ്ധതി വിലയിരുത്തപ്പെടുന്നത്.










0 comments