സൊഹാർ ഫെസ്റ്റിവലിന് സമാപനം; മേളയിലെത്തിയത് അഞ്ചു ലക്ഷത്തിലധികം പേർ

സുഹാർ: സൊഹാർ ഫെസ്റ്റിവലിന്റെ നാലാമത്തെ പതിപ്പിന് ഉജ്വലമായ സമാപനം. ഒമാന്റെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക, സാമൂഹിക പരിപാടികളിലൊന്നായി മേള മാറി. ഈ വർഷത്തെ ഫെസ്റ്റിവലിൽ 60-ലധികം പ്രധാന പരിപാടികളും 1,180 വൈവിധ്യമാർന്ന പരിപാടികളും ഉൾപ്പെടുത്തിയിരുന്നു. ഒമാനിൽ നിന്നും വിദേശത്തു നിന്നുമായി ഏകദേശം 507,000 സന്ദർശകരാണ് മേളയിലെത്തിയത്. 11 ദശലക്ഷത്തിലധികം കാഴ്ചക്കാരുമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഫെസ്റ്റിവൽ തരംഗമായി.
വിനോദത്തിനപ്പുറം പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും പുതിയ വഴിതുറക്കുകയായിരുന്നു സോഹർ ഫെസ്റ്റിവൽ. സാംസ്കാരിക ആഘോഷങ്ങളെ സാമ്പത്തിക നേട്ടങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ മേള വലിയ വിജയമാണ് കൈവരിച്ചത്. മേളയിലൂടെ പ്രാദേശിക സമൂഹത്തിന് നേരിട്ടുള്ള സാമ്പത്തിക ഉത്തേജനം നൽകാൻ സാധിച്ചുവെന്ന് സംഘാടകർ വ്യക്തമാക്കി.
416 പാർട്ട് ടൈം തൊഴിലവസരങ്ങൾ മേളയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ടു. 177 ചെറുകിട-ഇടത്തരം സംരംഭങ്ങൾ മേളയിൽ പങ്കാളികളായി. 173 ഉൽപ്പാദനക്ഷമമായ കുടുംബങ്ങൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനും വരുമാനം വർദ്ധിപ്പിക്കാനും മേള വേദിയൊരുക്കി.
സോഹർ ഫെസ്റ്റിവൽ കേവലം ഒരു വിനോദ പരിപാടി മാത്രമല്ലെന്നും, സമൂഹവുമായി നേരിട്ട് ഇടപഴകുന്നതിനുള്ള ഒരു ദേശീയ വേദിയായി മാറിയെന്നും അൽ ബത്തിന നോർത്ത് ഗവർണർ മുഹമ്മദ് ബിൻ സുലൈമാൻ അൽ കിണ്ടി പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചവരുടെ കൂട്ടായ പരിശ്രമത്തെ അദ്ദേഹം പ്രശംസിച്ചു.










0 comments