ഒമാനിൽ കാൽപന്തുകളിയുടെ മാമാങ്കവുമായി ‘സോക്കർ കാർണിവൽ - സീസൺ 3

മസ്കത്ത്: ഒമാനിലെ മീ ഫ്രണ്ട് സംഘടിപ്പിക്കുന്ന ‘സോക്കർ കാർണിവൽ' മൂന്നാം എഡിഷന് മൈതാനമൊരുങ്ങുന്നു. സെവൻസ് ഫുട്ബോൾ ടുർണമെന്റ് ഏപ്രിൽ 16, 17 തീയതികളിൽ ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ അരങ്ങേറും. കേരള മസ്കത്ത് ഫുട്ബോൾ അസോസിയേഷനുമായി (കെഎംഎഫ്എ) സഹകരിച്ചാണ് ടൂർണമെന്റ്.
ഫുട്ബോൾ മത്സരങ്ങൾക്കൊപ്പം ഭക്ഷണ വൈവിധ്യങ്ങളും കലാപരിപാടികളും കോർത്തിണക്കി ഒരുക്കുന്ന മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. വിശിഷ്ടാതിഥികളായി നടൻ ലുക്മാൻ അവറാൻ, നടി ഡയാന ഹമീദ്, മുൻ ഐഎസ്എൽ താരം സുശാന്ത് മാത്യു, റാഷിദ് കോട്ടക്കൽ എന്നിവർ പങ്കെടുക്കും.
ഒമാനിലെ മികച്ച 16 ടീമുകൾ മാറ്റുരക്കുന്ന വാശിയേറിയ മത്സരങ്ങളുടെ ക്വാർട്ടർ ഫൈനൽ വരെയുള്ള മൽസരങ്ങൾക്ക് 16ന് രാത്രി 10ന് തുടക്കമാവും. സെമി ഫൈനൽ, ഫൈനൽ മൽസരങ്ങൾ 17 ന് അരങ്ങേറും. വൈകീട്ട് മൂന്നു മുതൽ സ്റ്റേഡിയത്തിൽ വിവിധ വിനോദ പരിപാടികളും മത്സരങ്ങളും ഒരുക്കും. കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള വിവിധ ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ, ഫേസ് പെയിൻറിങ്, ഷൂട്ടൗട്ട് തുടങ്ങിയവയും നടക്കും.
വാർത്താ സമ്മേളനത്തിൽ ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ അഫ്‌സൽ അഹമ്മദ്, സോക്കർ കാർണിവൽ കൺവീനർ അൻജബ് അമീർ, നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഒമാൻ മീഡിയ ആൻഡ് മാർക്കറ്റിങ് മാനേജർ മോബിൻ കെ. ഷാജി, ഫുഡ്‍ലാൻഡ്സ് റസ്റ്ററന്റ് ഓപറേഷൻസ് മനേജർ മുഹമ്മദ് ഉസ്മാൻ ഫാസിൽ, ഗൾഫ് മാധ്യമം മാർക്കറ്റിങ് മനേജർ ഷൈജു സലാഹുദ്ദീൻ എന്നിവർ പങ്കെടുത്തു.










0 comments