Deshabhimani

ഹോർമുസിൽ കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞു

hormuz afp image

photo credit: AFP

വെബ് ഡെസ്ക്

Published on Sep 17, 2026, 07:59 AM | 1 min read

ദുബായ് : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണവിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞു. തിങ്കളാഴ്ച നാല് ചരക്കുകപ്പലുകൾ മാത്രമാണ് കടലിടുക്ക് കടന്നതെന്നാണ് പ്രാഥമിക കണക്കുകൾ. പ്രതിസന്ധിക്കുമുമ്പ് ദിവസം ശരാശരി 120 കപ്പൽവരെ കടന്നുപോയിടത്താണ് ഗതാഗതം ഇത്രയും കുറഞ്ഞത്. ഞായറാഴ്‌ച 10 കപ്പൽ കടന്നിരുന്നു. തിങ്കളാഴ്‌ച രണ്ട് ചരക്കുകപ്പലുകൾ കടലിടുക്കിൽനിന്ന് പുറത്തേക്കും രണ്ട് ഒഴിഞ്ഞ എണ്ണക്കപ്പലുകൾ അകത്തേക്കും പോയി. എന്നാൽ, കപ്പലുകളുടെ നിരീക്ഷണ സംവിധാനം പ്രവർത്തനരഹിതമാക്കി സഞ്ചരിച്ചവയുടെ കണക്ക് ഇതിൽ ഉൾപ്പെട്ടിട്ടില്ല.


ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് എണ്ണവിലയും ഉയർന്നു. ചൊവ്വാഴ്‌ച ബ്രെന്റ് ക്രൂഡ് വില രണ്ട് ശതമാനത്തിലേറെ ഉയർന്ന് ബാരലിന് 108.18 ഡോളറിലെത്തി. അതേസമയം, ഹോർമുസിലൂടെയുള്ള എണ്ണനീക്കം തുടരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടെങ്കിലും കപ്പൽ ഗതാഗതത്തിലെ വൻ ഇടിവ് സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നു. ഹോർമുസിന് സമീപം സംഘർഷവും തുടരുകയാണ്. ഇറാനിലെ ലാറക് ദ്വീപിന് സമീപം രണ്ട് മത്സ്യബന്ധന ബോട്ടുകൾക്കുനേരേ ഡ്രോൺ ആക്രമണമുണ്ടായി. നിരവധി ജീവനക്കാരെ കാണാതായതായും തെരച്ചിൽ തുടരുന്നതായും ഹോർമോസ്ഗാൻ പ്രവിശ്യ അധികൃതർ അറിയിച്ചു.


​മറ്റൊരു പ്രധാന സമുദ്രപാതയായ ബാബ് അൽ മന്ദബ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പൽ ഗതാഗതവും കുറഞ്ഞു. ഞായറാഴ്‌ച 28 കപ്പൽ കടന്നിടത്ത് തിങ്കളാഴ്‌ച 21 കപ്പൽ മാത്രമാണ് കടന്നത്. ഹോർമുസും ബാബ് അൽ മന്ദബും വഴിയുള്ള ഗതാഗതത്തിലെ ഇടിവ് പശ്ചിമേഷ്യയിൽനിന്ന് ഏഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ള ഊർജ, ചരക്ക് വിതരണത്തെ കൂടുതൽ സമ്മർദത്തിലാക്കുകയാണ്. സംഘർഷം അവസാനിച്ചാൽ എണ്ണവില കുത്തനെ കുറയുമെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും നിലവിലെ കപ്പൽ ഗതാഗത കണക്കുകൾ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുന്നതിന്റെ സൂചനയാണ് നൽകുന്നത്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home