റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രവാസലോകം

ജിദ്ദ
ജിദ്ദ: ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനം ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൽ ആഘോഷിച്ചു. 26 രാവിലെ കോൺസുലേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയും മുതിർന്ന ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ചേർന്ന് ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ദേശീയ പതാക ഉയർത്തി. ചടങ്ങിൽ പങ്കെടുത്തവർ ദേശീയഗാനം ആലപിച്ചു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി നൽകിയ സന്ദേശം കോൺസൽ ജനറൽ വായിച്ചു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് കോൺസൽ ജനറൽ പറഞ്ഞു. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങളും നൃത്തങ്ങളും അവതരിപ്പിച്ചു.
കലാപരിപാടികളിൽ പങ്കെടുത്ത വിദ്യാർത്ഥികളെ കോൺസൽ ജനറൽ ആദരിച്ചു. ഇന്ത്യൻ വിഭവങ്ങളുടെ പ്രദർശനത്തോടെയാണ് ചടങ്ങുകൾ സമാപിച്ചത്.
ഇന്ത്യൻ സ്കൂൾ
മനാമ: ഇന്ത്യൻ സ്‌കൂളിൽ റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളിന്റെ രണ്ട് കാമ്പസുകളിലെയും വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവർ റിപ്പബ്ലിക് ദിന പരിപാടിയിൽ ഒത്തുചേർന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ധനകാര്യ,ഐടി അംഗം ബോണി ജോസഫ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അഡ്വ. ബിനു മണ്ണിൽ വറുഗീസ് ദേശീയ പതാക ഉയർത്തിയതോടെ ചടങ്ങ് ആരംഭിച്ചു, തുടർന്ന് പതാക വന്ദനം നടത്തി. സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സും സ്‌കൂൾ ബാൻഡും പങ്കെടുത്ത പരേഡ് നടന്നു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. അക്കാദമിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ ഗൾഫ് സഹോദയ ടോപ്പേഴ്‌സ് അവാർഡുകൾ സമ്മാനിച്ചു. കൂടാതെ, കായികരംഗത്ത് മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ നൽകി. സ്കൂൾ ബാൻഡ്, സ്‌കൗട്ട്സ് & ഗൈഡ്‌സ് പ്രവർത്തനങ്ങൾ, മറ്റ് പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയിലെ മികവിന് പ്രത്യേക അവാർഡുകളും സമ്മാനിച്ചു. ആഘോഷത്തിന്റെ ഭാഗമായി നിറപ്പകിട്ടാർന്ന സാംസ്കാരിക പരിപാടികൾ അരങ്ങേറി. ജൂനിയർ സ്കൂളിലെ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം അവതരിപ്പിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ദേവശ്രീ സുശാന്ത്, റിപ്പബ്ലിക് ദിന പ്രസംഗം നടത്തി. തുടർന്ന് വിദ്യാർഥികൾ ദേശഭക്തി ഗാനം ആലപിച്ചു. ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ വർണ്ണാഭമായ ദേശഭക്തി നൃത്തം അവതരിപ്പിച്ചു. ആദ്യ സമീരൻ പാണിഗ്രഹി, പരിജ്ഞാത അമിൻ, വർഷിത ഗോട്ടൂർ എന്നിവർ അവതാരകരായിരുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്, അവാർഡ് ജേതാക്കളെ സ്കൂൾ അധികൃതർ അഭിനന്ദിച്ചു.
കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി എംബസി പരിസരത്തെ മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് രാവിലെ ഒമ്പതിന് ദേശീയ പതാക ഉയർത്തി. ദേശീയഗാനം ആലപിച്ച ശേഷം രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.
വന്ദേ മാതരം രചനയുടെ നൂറ്റി അമ്പതാം വാർഷികത്തിന്റെ ഭാഗമായി സദസ്സിലുള്ളവർ ഒരുമിച്ച് വന്ദേ മാതരം ആലപിച്ചു. തുടർന്ന് നടത്തിയ പ്രസംഗത്തിൽ അംബാസഡർ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധങ്ങൾ ചൂണ്ടിക്കാട്ടി. കുവൈത്തിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ പിന്തുണ തുടരുമെന്നും അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന സഹായ സേവനങ്ങളും പ്രതിമാസമായി നടത്തുന്ന ഓപ്പൺ ഹൗസും പ്രവാസികൾ പ്രയോജനപ്പെടുത്തണമെന്നും അവർ അറിയിച്ചു.

പ്രവാസി സംഘടനകളും വിവിധ കൂട്ടായ്മകളും നൽകിയ സഹകരണത്തിന് നന്ദി അറിയിച്ച അംബാസഡർ, കുവൈത്തിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന് തുടർച്ചയായ പിന്തുണ നൽകുന്ന കുവൈത്ത് സർക്കാരിനോടും കൃതജ്ഞത പ്രകടിപ്പിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ വിദ്യാർത്ഥികളും വിവിധ കലാസംഘങ്ങളും ദേശഭക്തിഗാനങ്ങളും നൃത്തപരിപാടികളും അവതരിപ്പിച്ചു.










0 comments