റാസൽഖൈമ– ദുബായ് യാത്രാസമയം പകുതിയാക്കും; എമിറേറ്റ്സ് റോഡ് വികസന പദ്ധതി ആരംഭിച്ചു

ദുബായ്: റാസൽഖൈമയിൽനിന്ന് ദുബായിലേക്കുള്ള യാത്രാസമയം പകുതിയായി കുറയ്ക്കുന്ന എമിറേറ്റ്സ് റോഡ് വികസന പദ്ധതി ആരംഭിച്ചു. രണ്ടു വർഷത്തിനകം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതി 75 കോടി ദിർഹം ചെലവിലാണ് നടപ്പാക്കുന്നതെന്ന് ഊർജ, -അടിസ്ഥാനസൗകര്യ മന്ത്രാലയം അറിയിച്ചു. റാസൽഖൈമയിൽനിന്ന് ഉമ്മുൽഖുവൈൻ, ഷാർജ എന്നിവ കടന്ന് ദുബായിലേക്കും തിരിച്ചുമുള്ള യാത്രാസമയം 45 ശതമാനംവരെ കുറയ്ക്കുന്നതാണ് പദ്ധതി.
ആൽ ബദീ ഇന്റർചേഞ്ചുമുതൽ ഉമ്മുൽഖുവൈൻവരെയുള്ള 25 കിലോമീറ്റർ ഭാഗത്ത് റോഡ് മൂന്നുവരി പാതയിൽനിന്ന് അഞ്ചുവരി പാതയാക്കി വികസിപ്പിക്കും. ഇതിലൂടെ മണിക്കൂറിൽ 9000 വാഹനങ്ങൾവരെയെത്താൻ കഴിയുന്ന ശേഷി സൃഷ്ടിക്കപ്പെടും. പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന ഇന്റർചേഞ്ച് നമ്പർ ഏഴിൽ 12.6 കിലോമീറ്റർ നീളമുള്ള ആറു ദിശാപാലങ്ങൾ പണിയും. മണിക്കൂറിൽ 13,200 വാഹനംവരെയെത്താൻ ശേഷിയുള്ള വിധത്തിൽ ഇവ നിർമിക്കും. പ്രധാന പാതയുടെ ഇരുവശങ്ങളിലും 3.4 കിലോമീറ്റർ സർവീസ് റോഡുകളും ഒരുക്കും.
ഗതാഗതക്കുരുക്ക് കുറയ്ക്കാനും വാഹനങ്ങളുടെ സഞ്ചാര സൗകര്യം മെച്ചപ്പെടുത്താനും പദ്ധതിയിലൂടെ സാധിക്കും. മലിനീകരണം കുറയ്ക്കൽ, വ്യാപാരത്തിനും സേവനങ്ങൾക്കും എളുപ്പത്തിലുള്ള ഗതാഗത സൗകര്യം എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ‘പദ്ധതി റോഡ് വിപുലീകരണം മാത്രമല്ല, രാജ്യത്തിന്റെ വേഗതയേറിയ ജനസംഖ്യാ– സാമ്പത്തിക വളർച്ചയ്ക്ക് അനുയോജ്യമായ, കാര്യക്ഷമവും സുസ്ഥിരവുമായ ഫെഡറൽ റോഡ് നെറ്റ്‌വർക്ക് സൃഷ്‌ടിക്കാനുള്ള ഗുണമേന്മയുള്ള മുന്നേറ്റമാണെന്ന്’ മന്ത്രാലയത്തിലെ അടിസ്ഥാനസൗകര്യ പ്രോജക്ട് വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി യൂസഫ് അബ്ദുള്ള പറഞ്ഞു.










0 comments