അൽ ഷഹീദ് പാർക്കിന്റെ മൂന്നാംഘട്ടം തുറന്നു

കുവൈത്ത് സിറ്റി : അൽ ഷഹീദ് പാർക്കിന്റെ മൂന്നാം ഘട്ടം കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹ്‌മദ് അബ്‌ദുള്ള അൽ അഹ്മദ് അൽ സബാഹ് ഉദ്ഘാടനം ചെയ്തു. അമീർ ഷെയ്ഖ് മിശാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന്റെ രക്ഷാകർതൃത്വത്തിൽ ബുധൻ വൈകിട്ട് അൽ സൗർ തിയറ്ററിൽ നടന്ന ചടങ്ങിൽ അമീറിന്റെ പ്രതിനിധിയായാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ഉന്നത സർക്കാർ ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായി. അമീരി ദിവാൻ മന്ത്രി ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബാഹ്, കിരീടാവകാശിയുടെ ദിവാൻ മേധാവി ഷെയ്ഖ് താമർ ജാബർ അൽ അഹ-്‌മദ് അൽ സബാഹ്, അമീരി ദിവാൻ അണ്ടർ സെക്രട്ടറി ഷെയ്ഖ് അബ്ദുൾ അസീസ് മിശാൽ മുബാറക് അബ്‌ദുള്ള അൽ അഹ്മദ് അൽ സബാഹ്, പദ്ധതിയുടെ മേൽനോട്ട സമിതി അംഗങ്ങൾ എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
അമീരി ദിവാന് കീഴിലുള്ള സാംസ്കാരിക കേന്ദ്രങ്ങളെയും ദേശീയ പൈതൃകസംരക്ഷണത്തിൽ അവയുടെ പങ്കിനെയും പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. പാർക്കിന്റെ മൂന്നാംഘട്ടവും അൽ സൗർ തിയറ്ററും കുവൈത്തിന്റെ പൈതൃകത്തെയും ഭാവി പ്രതീക്ഷകളെയും കൂട്ടിയിണക്കുന്ന പുതിയ ചുവടുവയ്‌പ്പാണെന്ന് പദ്ധതിയുടെ മേൽനോട്ട സമിതി അധ്യക്ഷ അൻവാർ അൽ യതാമ പറഞ്ഞു. പദ്ധതിയുമായി സഹകരിച്ച സർക്കാർ സ്ഥാപനങ്ങൾക്കും കലാകാരന്മാർക്കും സംഘാടകർക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും അവർ നന്ദി അറിയിച്ചു.
പുതിയ കലാ–സാംസ്കാരിക കേന്ദ്രമായ അൽ സൗർ തിയറ്ററിന്റെ പ്രവർത്തനത്തിനും ചടങ്ങോടെ തുടക്കമായി. കുവൈത്തിന്റെ ചരിത്രപ്രസിദ്ധമായ മതിലിനെ ആസ-്‌പദമാക്കിയ ‘അൽ സൗർ’ എന്ന ദേശീയ നാടകാവതരണമായിരുന്നു ആദ്യ പരിപാടി. പ്രമുഖ കലാകാരന്മാർ അണിനിരന്ന അവതരണത്തിൽ രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന ഘട്ടങ്ങൾ നാടക–കലാദൃശ്യങ്ങളിലൂടെ അവതരിപ്പിച്ചു.
പ്രധാനമന്ത്രി പാർക്കിന്റെ മൂന്നാം ഘട്ടത്തിലെ വിവിധ സൗകര്യങ്ങൾ സന്ദർശിച്ചു. സാംസ്കാരിക, വിനോദസഞ്ചാര, വിനോദ സൗകര്യങ്ങൾ, വാണിജ്യ പദ്ധതികൾ, അനുബന്ധ സേവനങ്ങൾ എന്നിവയെക്കുറിച്ച് അധികൃതർ വിശദീകരിച്ചു. ഷെയ്ഖ് ജാബർ അൽ അഹ്‌മദ് സാംസ്കാരിക കേന്ദ്രം, ഷെയ്ഖ് അബ്ദുള്ള അൽ സാലിം സാംസ്കാരിക കേന്ദ്രം, അൽ സലാം പാലസ് മ്യൂസിയം, കുവൈത്ത് മോട്ടോർ ടൗൺ എന്നിവ ഉൾപ്പെടുന്ന അമീരി ദിവാന്റെ വികസന സംരംഭങ്ങളുടെ ഭാഗമാണ് അൽ ഷഹീദ് പാർക്കിന്റെ മൂന്നാം ഘട്ടം.








0 comments