അപരിചിതനെ വാഹനത്തിൽ കയറ്റി; മലയാളിക്ക് ജിസാനിൽ ജയിൽവാസവും ജോലി നഷ്ടവും

റിയാദ്: അപരിചിതനെ വാഹനത്തിൽ കയറ്റിയ മലയാളിക്ക് ജിസാനിൽ ജയിൽവാസവും ജോലിനഷ്ടവും. കഴിഞ്ഞ 11 വർഷമായി ഡ്രൈവറായി ജോലി ചെയ്തിരുന്ന പത്തനംതിട്ട ആറന്മുള സ്വദേശി പ്രസാദ് കുമാറിനാണ് ജീവിതം തകർത്ത അനുഭവം നേരിടേണ്ടിവന്നത്.
ജിസാനിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന പ്രസാദ് കുമാർ, വഴിയിൽ സഹായം അഭ്യർത്ഥിച്ച ഒരു യമനിയെ വാഹനത്തിൽ കയറ്റുകയായിരുന്നു. യാത്രക്കിടെ വഴിയിൽ പൊലീസ് പരിശോധനയിൽ, യമനിക്ക് ഇക്കാമയോ മറ്റു നിയമപരമായ രേഖകളോ ഇല്ലെന്നും അതിർത്തി കടന്ന് നിയമവിരുദ്ധമായി സൗദിയിൽ പ്രവേശിച്ചതാണെന്നും കണ്ടെത്തി. ഇതിനെ തുടർന്ന് യമനിയെയും പ്രസാദ് കുമാറിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും പ്രസാദിനെ ഒരു മാസത്തോളം ജയിലിൽ അടക്കുകയും ചെയ്തു.
ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം കമ്പനിയിലേക്ക് തിരികെ ജോലിക്കായി എത്തിയ പ്രസാദ് കുമാറിനെ ഇനി സ്ഥാപനത്തിൽ തുടരാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. കമ്പനിയുടെ വാഹനം ഉപയോഗിച്ച് ആളുകളെ കയറ്റി ടാക്സി സർവീസ് നടത്തിയെന്ന ആരോപണം ചുമത്തി, സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 80 ചൂണ്ടിക്കാട്ടി, ബാക്കി ശമ്പളവും സർവീസ് മണിയും നൽകാതെ കമ്പനി പുറത്താക്കി.
തുടർന്ന് മറ്റ് ജോലികൾ കണ്ടെത്താൻ കഴിയാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പ്രസാദ്, ഏറെ പ്രയാസം അനുഭവിക്കുകയും ഇന്ത്യൻ എംബസിയെ സമീപിക്കുന്നതിനായി റിയാദിലെത്തുകയും ചെയ്തു. സഹായം തേടി കേളി കലാസാംസ്കാരിക വേദിയെ സമീപിക്കുകയും കേളിയുടെ ഇടപെടലിന്റെ ഫലമായി എക്സിറ്റ് നടപടികൾ പൂർത്തിയാക്കുകയും നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ടിക്കറ്റ് കേളി നൽകുകയും ചെയ്തു.
ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും, അപരിചിതരായ ആളുകളെ വാഹനത്തിൽ കയറ്റുന്ന പതിവ് പല പ്രവാസികളിലും ഇപ്പോഴും നിലനിൽക്കുന്നുവെന്നും സംഭവത്തിൽ ഇടപെട്ട കേളി പ്രവർത്തകർ ചൂണ്ടിക്കാട്ടി.
പ്രസാദ് കുമാറിനുള്ള യാത്രാരേഖകളും ടിക്കറ്റും കേളി ജീവകാരുണ്യ വിഭാഗം കൺവീനർ നസീർ മുള്ളൂർക്കര കൈമാറുന്നു
രേഖകളില്ലാത്ത യാത്രക്കാരെ അറിയാതെ വാഹനത്തിൽ കയറ്റിയതിന്റെ പേരിൽ നിരവധിപേർ ഇത്തരത്തിൽ കേസുകളിലും ജയിലിലും കുടുങ്ങിയ സംഭവങ്ങൾ ഇതിനുമുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.











0 comments