ad
Deshabhimani

മങ്കിപോക്‌സ്‌: മുന്നറിയിപ്പുമായി ഒമാൻ ആരോഗ്യമന്ത്രാലയം

Mpox Monkeypox
വെബ് ഡെസ്ക്

Published on Nov 11, 2025, 02:40 PM | 1 min read

മസ്‌കത്ത്‌: മങ്കിപോക്‌സ്‌ വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഒമാൻ ആരോഗ്യമന്ത്രാലയം. രോഗത്തിന്റെ സ്വഭാവം, ലക്ഷണങ്ങൾ, പകരുന്ന രീതി, പ്രതിരോധ നടപടി എന്നിവയാണ്‌ മുന്നറിയിപ്പിലുള്ളത്‌. പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും പനി പോലുള്ള രോഗങ്ങളായിരിക്കും. പനി, തലവേദന, പേശിവേദന, ക്ഷീണം എന്നിവയിൽനിന്ന് ആരംഭിക്കും. പിന്നീട്‌ മുഖം, ജനനേന്ദ്രിയം, മലദ്വാരം എന്നിവയുൾപ്പെടെ ശരീരത്തിലെവിടെയും ഒരുതരം പ്രത്യേക ചുണങ്ങ്‌ പ്രത്യക്ഷപ്പെടും. ചുണങ്ങ്‌ പല ഘട്ടങ്ങളിലൂടെ പുരോഗമിക്കുന്നു.


രോഗബാധിതനായ വ്യക്തിയിൽനിന്ന്‌ പ്രത്യേകിച്ച്, ചുണങ്ങുള്ളയാളിൽനിന്ന്‌ സമ്പർക്കംമൂലം പകരാൻ സാധ്യതയുണ്ട്. കിടക്ക, തൂവാലകൾ, വസ്ത്രങ്ങൾ തുടങ്ങിയ മലിനമായ വസ്‌തുക്കളിൽ സ്പർശിക്കുക. ശ്വസന തുള്ളികൾ വഴി ദീർഘനേരം മുഖാമുഖം സമ്പർക്കം പുലർത്തുക മുതലായവയും പകർച്ചയ്ക്ക്‌ കാരണമാകും. സ്വയം പരിരക്ഷിക്കുന്നതിന് ലളിതവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കാൻ പൗരന്മാരോടും താമസക്കാരോടും അറിയിച്ചു.

സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക, ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുമായി അടുത്ത ശാരീരിക സമ്പർക്കം ഒഴിവാക്കുക, മലിനമായ വസ്‌തുക്കളിൽ സ്പർശിക്കുന്നത് ഒഴിവാക്കുക, ലക്ഷണങ്ങൾ കാണുന്നവർ ഉടൻ വൈദ്യോപദേശം തേടണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കൂടാതെ, മറ്റുള്ളവരിലേക്ക് പകരുന്നത് തടയാൻ സ്വയം നടപടികളും വേണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home