മനുഷ്യക്കടത്ത് തടയൽ: നടപടി കടുപ്പിച്ച് ഒമാൻ

മസ്‌കത്ത്: മനുഷ്യക്കടത്ത് തടയുന്നതിനുള്ള നടപടികൾ ശക്തമാക്കി ഒമാൻ. ഇരകളുടെ സംരക്ഷണം, കുറ്റകൃത്യങ്ങൾ തടയൽ, നിയമനിർവഹണം, ബോധവത്കരണം എന്നിവയിൽ രാജ്യം കൈവരിച്ച പുരോഗതി 2026ലെ മനുഷ്യക്കടത്ത് റിപ്പോർട്ടിൽ അടിവരയിടുന്നു. മനുഷ്യക്കടത്ത് തടയുന്നതിനുള്ള നിയമസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2025ൽ പുതിയ നിയമം കൊണ്ടുവന്നിരുന്നു. ശിക്ഷ കടുപ്പിക്കുകയും വിവിധ തരത്തിലുള്ള ചൂഷണങ്ങളെ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയും ചെയ-്‌തിട്ടുണ്ട്.
മനുഷ്യക്കടത്തിന് ഇരയാകുന്നവരെ തിരിച്ചറിഞ്ഞ് പരിചരണ കേന്ദ്രങ്ങളിലെത്തിക്കുന്നതിനുള്ള നടപടികളും ശക്തമാക്കി.താമസം, ഭക്ഷണം, ചികിത്സ, നിയമസഹായം, കൗൺസലിങ്, സാമ്പത്തിക സഹായം എന്നിവ ലഭ്യമാക്കുന്നതിനൊപ്പം വിദേശികളായ ഇരകൾക്ക് നിയമപരമായി രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും ബദൽ സംവിധാനങ്ങളും രാജ്യം ഒരുക്കിയിട്ടുണ്ട്. റോയൽ ഒമാൻ പോലീസിലെയും പബ്ലിക് പ്രോസിക്യൂഷനിലെയും പ്രത്യേക വിഭാഗങ്ങൾ മനുഷ്യക്കടത്ത് കേസുകൾ കൈകാര്യം ചെയ്യുന്നു. നിയമനിർവഹണ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനൊപ്പം മറ്റു രാജ്യങ്ങളുമായുള്ള സഹകരണവും ശക്തിപ്പെടുത്തിയിട്ടുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ സമിതിയുടെ നേതൃത്വത്തിൽ 2024- 2026 കാലയളവിലെ ദേശീയ പദ്ധതി നടപ്പാക്കിവരുന്നു. പൊതുജന ബോധവത്കരണം വിപുലീകരിക്കുകയും മനുഷ്യക്കടത്തിന് ഇരയാകാൻ കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങളെ ലക്ഷ്യമിട്ട് പരിപാടികൾ സംഘടിപ്പിക്കുകയും പദ്ധതിയുടെ ഭാഗമാണ്. കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങളെക്കുറിച്ചും പ്രത്യേക ഹോട്ട്‌ലൈനെക്കുറിച്ചും ബോധവത്കരണം നടത്തുന്നു.
ഗാർഹിക തൊഴിലാളികളുടെ സംരക്ഷണം ശക്തമാക്കുന്നതിനായി 2025 ഒക-്‌ടോബറിൽ തൊഴിൽ മന്ത്രാലയം പുതിയ ചട്ടങ്ങൾ പുറപ്പെടുവിച്ചിരുന്നു. തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളുമായി ധാരണാപത്രങ്ങളും ഉഭയകക്ഷി കരാറുകളും നടപ്പാക്കൽ പരിപാടികളും വഴിയും സഹകരണം തുടരുന്നുണ്ട്. മനുഷ്യക്കടത്ത് തടയുന്നതിനും ഇരകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അന്താരാഷ-്‌ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒമാന്റെ ശ്രമങ്ങളാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.








0 comments