ദോഫാറിൽ പുതിയ റോഡുകൾ തുറന്നു

മസ്‌കത്ത് : ദോഫാറിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായി പുതിയ റോഡുകൾ ഉദ്ഘാടനം ചെയ്‌തു. അൽ മസിയുന വിലായത്തിലെ ഹർവീബ്- മിതാൻ റോഡും ദോഫാർ ഗവർണറേറ്റിലെ മുഖ്‌ഷിനിലെ വിലായത്തിൽ അസ്ഫാൽറ്റ് റോഡ് ശൃംഖലയും ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ശനിയാഴ്ചയാണ് തുറന്നുനൽകിയത്.
സമഗ്ര വികസന ശ്രമങ്ങളുടെ നാഴികക്കലാണ് പദ്ധതികളെന്ന് ദോഫാർ ഗവർണറും ഉദ്ഘാടനത്തിന്റെ രക്ഷാധികാരിയുമായ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സെയ്ദ് പറഞ്ഞു. ഒമാൻ വിഷൻ 2040ന് അനുസൃതമായി റോഡ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള പദ്ധതികൾ മന്ത്രാലയം തുടരുകയാണ്.
ദോഫാറിന്റെ ഗതാഗത ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഹർവീബ്- മിതാൻ റോഡ്. അൽ മസിയാനയെ മധ്യഭാഗത്തെ വിലായത്തുകളുമായി ബന്ധിപ്പിക്കുകയും അൽ മസിയാന ലാൻഡ് പോർട്ടും ഫ്രീ സോണുമായുള്ള ബന്ധം സുഗമമാക്കുകയും യമനുമായുള്ള കര അതിർത്തിവരെ വ്യാപിക്കുകയും ചെയ്യുന്നു. വാണിജ്യകേന്ദ്രമെന്ന നിലയിൽ അൽ മസിയാനയുടെ പങ്ക് ശക്തിപ്പെടുത്താനും ചരക്കുനീക്കം സുഗമമാക്കാനും സാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനും നിക്ഷേപം, ടൂറിസം, അനുബന്ധ സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.









0 comments