ad
Deshabhimani

എമിറേറ്റ്സ് കാബിൻ ക്രൂവിന് പുതിയ ‘റസിഡൻഷ്യൽ വില്ലേജ്’; ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്കിൽ 12,000 ജീവനക്കാർക്ക് താമസസൗകര്യം

emirates cabin crew community
വെബ് ഡെസ്ക്

Published on Jan 21, 2026, 04:21 PM | 1 min read

ദുബായ് : എമിറേറ്റ്സ് എയർലൈൻസിന്റെ ദീർഘകാല വളർച്ചാ പദ്ധതികളുടെ ഭാഗമായി ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്കിൽ കാബിൻ ക്രൂവിനായി പുതിയ റസിഡൻഷ്യൽ വില്ലേജ് നിർമിക്കാനൊരുങ്ങുന്നു. 12,000 വരെ കാബിൻ ക്രൂ അംഗങ്ങൾക്ക് താമസസൗകര്യം ഒരുക്കുന്ന പദ്ധതിയാണിതെന്ന് എമിറേറ്റ്സ് അറിയിച്ചു.


എമിറേറ്റ്സിന്റെ ചീഫ് പ്രൊക്യൂർമെന്റ് ആൻഡ് ഫെസിലിറ്റീസ് ഓഫീസർ അലി മുബാറക് അൽ സൂരിയും ദുബായ് ഇൻവെസ്റ്റ്‌മെന്റ്സ് വൈസ് ചെയർമാനും സിഇഒയുമായ ഖാലിദ് ബിൻ കൽബാനും തമ്മിൽ കാബിൻ ക്രൂ വില്ലേജ് വികസിപ്പിക്കുന്നതിനുള്ള കരാർ ഒപ്പുവച്ചു. ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. 2026ന്റെ രണ്ടാം പാദത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടും. ആദ്യ ഘട്ടം 2029ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യം. ദീർഘകാല ലീസ് കരാർ അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക.


20 ആധുനിക റെസിഡൻഷ്യൽ കെട്ടിടങ്ങളാണ് കാബിൻ ക്രൂ വില്ലേജിൽ ഉൾപ്പെടുക. ഓരോ കെട്ടിടത്തിനും 19 നിലകളുണ്ടാകും. ഒരു ബെഡ്റൂം, രണ്ട് ബെഡ്റൂം, മൂന്ന് ബെഡ്റൂം അപ്പാർട്ട്‌മെന്റുകളാണ് ഒരുക്കുന്നത്. കാബിൻ ക്രൂ അംഗങ്ങളുടെ ജോലി സമയം, സൗകര്യം എന്നിവ പരിഗണിച്ചാണ് ഡിസൈൻ. പൂർണമായ ലൈഫ്‌സ്റ്റൈൽ കമ്മ്യൂണിറ്റിയായാണ് കാബിൻ ക്രൂ വില്ലേജ് രൂപകൽപ്പന ചെയ്യുന്നത്. റീട്ടെയിൽ ഔട്ട്ലെറ്റുകൾ, റെസ്റ്റോറന്റുകൾ, ഫുഡ് കോർട്ടുകൾ എന്നിവ ഉൾപ്പെടുന്ന മൾട്ടി-പർപ്പസ് സെൻട്രൽ ഹബ് പദ്ധതിയിലുണ്ട്. ഫിറ്റ്നസ് സെന്ററുകൾ, ക്ലിനിക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവയും ഒരുക്കും.


നടപ്പാതകൾ, ലാൻഡ്‌സ്‌കേപ്പുകൾ, റിസോർട്ട് മാതൃകയിലുള്ള സ്വിമ്മിംഗ് പൂളുകൾ എന്നിവ ഉൾപ്പെടുത്തി ഔട്ട്ഡോർ ജീവിതത്തിനും പ്രാധാന്യം നൽകും. വിവിധ ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സൗകര്യങ്ങൾ ഓരോ കെട്ടിടത്തിലും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.


ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായ് വേൾഡ് സെൻട്രലിൽ നിന്നും സമദൂരത്തിലുള്ളതാണ് പദ്ധതിസ്ഥലം. ഇതുവഴി നിലവിലെ പ്രവർത്തന ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ഭാവിയിൽ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള മാറ്റത്തിനും പദ്ധതി അനുയോജ്യമായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home