കുവൈത്തിൽ അടിയന്തര സാഹചര്യങ്ങൾ അറിയാൻ മൊബൈൽ അലർട്ട്

കുവൈത്ത് സിറ്റി: രാജ്യത്ത് അടിയന്തര സാഹചര്യങ്ങളെക്കുറിച്ചും വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ചും ജനങ്ങൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകാൻ മൊബൈൽ അലർട്ട് സംവിധാനവുമായി കുവൈത്ത്. പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിച്ചതായി ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ (CGC) അറിയിച്ചു.
ആദ്യഘട്ടത്തിൽ ആൻഡ്രോയിഡ്, ഹുവാവേ ഫോണുകളിലാണ് ഈ സേവനം ലഭ്യമാകുക. ആപ്പിൾ ഐഫോണുകളിൽ ഉടൻ തന്നെ സംവിധാനം നിലവിൽ വരും. സാഹചര്യത്തിന്റെ ഗൗരവമനുസരിച്ച് മൂന്ന് വിഭാഗങ്ങളിലായാണ് അലർട്ടുകൾ ലഭിക്കുക. അടിയന്തര സാഹചര്യങ്ങളിൽ ഉയർന്ന ശബ്ദത്തോടെയുള്ള പ്രത്യേക മുന്നറിയിപ്പ്, സാധാരണ ശബ്ദത്തിലുള്ള സന്ദേശങ്ങൾ, ശബ്ദമില്ലാത്ത ടെക്സ്റ്റ് സന്ദേശങ്ങൾ എന്നിവയാണ് വ്യത്യസ്ഥ അലർട്ടുകൾ.
ഉപയോക്താക്കൾക്ക് അവരുടെ ഫോണിലെ സെറ്റിങ്സ് വഴി ഈ അറിയിപ്പുകൾ നിയന്ത്രിക്കാനോ ആവശ്യമെങ്കിൽ ഓഫാക്കി വെക്കാനോ സാധിക്കും. അപകടസമയങ്ങളിൽ കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച് പൊതുസുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.










0 comments