Deshabhimani

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ നഴ്സ് പൊലീസ് കസ്റ്റഡിയിൽ

nurse
വെബ് ഡെസ്ക്

Published on Oct 16, 2026, 08:40 AM | 1 min read

ജിദ്ദ: ജിദ്ദ വിമാനത്താവളത്തിൽ എത്തിയശേഷം കാണാതായ വയനാട് സ്വദേശിനിയായ നഴ്സ് ഫിലോമിന (32) സൗദി അറേബ്യൻ പൊലീസിന്റെ കസ്റ്റഡിയിലെന്ന് സ്ഥിരീകരണം. സൗദിയിൽ നിരോധിച്ച മരുന്നുകൾ കൈവശംവച്ചതുമായി ബന്ധപ്പെട്ടാണ് ഫിലോമിനയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചതെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസലേറ്റ് ഔദ്യോഗികമായി അറിയിച്ചു.


സുൽത്താൻ ബത്തേരിക്കടുത്ത് അയ്യൻകൊല്ലി സ്വദേശികളായ രവി-, ശെൽവി ദമ്പതിമാരുടെ മകളാണ് ഫിലോമിന. കഴിഞ്ഞ മൂന്നുവർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്സാണ്. വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിനാണ് ഫിലോമിന ബംഗളുരുവിൽനിന്ന് വിമാനമാർഗം ജിദ്ദയിലെത്തിയത്. തുടർന്ന് കണക്ഷൻ വിമാനത്തിൽ റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി. ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയശേഷം രാത്രി എട്ടരയോടെ പിതാവ് രവിക്കും ഭർത്താവ് ജോണിനും ഫിലോമിന ശബ്‌ദസന്ദേശമയച്ചിരുന്നു.


വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചതായും ലഗേജ് കൊണ്ടുപോയതായും ഫോൺ ആവശ്യപ്പെട്ടതായും സന്ദേശത്തിൽ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ഫിലോമിനയുമായി ബന്ധപ്പെടാൻ കഴിയാഞ്ഞതോടെ കുടുംബം ആശങ്കയിലായി. തുടർന്ന് കുടുംബാംഗങ്ങളും സാമൂഹിക പ്രവർത്തകരും നടത്തിയ അന്വേഷണത്തിലാണ് ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലാണെന്ന വിവരം പുറത്തുവന്നത്. വിഷയത്തിൽ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസലേറ്റും ഇടപെട്ടിട്ടുണ്ട്. സാമൂഹ്യപ്രവർത്തകരുടെ സഹകരണത്തോടെ ആവശ്യമായ നിയമനടപടികളും തുടർനീക്കങ്ങളും പുരോഗമിക്കുകയാണ്.


യാത്രക്കാർ ശ്രദ്ധിക്കുക


ഡോക്‌ടറുടെ കുറിപ്പടിയോടെ ലഭിച്ചതാണെന്ന കാരണത്താൽ മരുന്ന്‌ സൗദിയിലേക്ക് കൊണ്ടുവരാൻ അനുമതിയുണ്ടെന്ന് കരുതരുത്. മരുന്നിന്റെ ഘടകങ്ങൾ, അളവ്, ഉപയോഗം എന്നിവയും സൗദിയിലെ കർശന നിയമങ്ങളും പരിശോധിച്ചാണ് അനുമതി തീരുമാനിക്കുന്നത്. നിയന്ത്രിത മരുന്നുകൾ കൊണ്ടുവരാനുള്ള അനുമതിക്കായി താഴെപ്പറയുന്ന വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്.


മരുന്നിന്റെ ജനറിക് പേരും വ്യാപാര നാമവും. ഡോക്‌ടറുടെ കുറിപ്പടി/ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ട്. മരുന്നിന്റെ അളവ്, സാന്ദ്രത, പാക്കറ്റിന്റെ വിവരങ്ങൾ, തിരിച്ചറിയൽ രേഖയും യാത്രാവിവരങ്ങളും, ബന്ധപ്പെട്ട വിഭാഗത്തിന്റെ അനുമതി.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home