ഷിന്ദഗ ഇടനാഴി വികസനം പൂർത്തിയായി

ദിലീപ് സി എൻ എൻ
Published on May 13, 2025, 03:32 PM | 1 min read
ദുബായ്: ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട റോഡ് വികസന പദ്ധതിയായ ഷിന്ദഗ ഇടനാഴി വികസനം ബർ ദുബായ് ഭാഗത്ത് പൂർത്തിയായി. പദ്ധതിയുടെ അഞ്ചു ഘട്ടങ്ങളും ഈ ഭാഗത്ത് പൂർത്തിയായതായി റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു. ഇതുവഴി യാത്രാസമയം 80 മിനിറ്റിൽനിന്ന് 12 മിനിറ്റായി കുറയുമെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. പദ്ധതിയിലെ അഞ്ചാമത്തെയും അവസാനത്തെയും പാലം തുറന്നതോടെയാണ് പദ്ധതി പൂർത്തിയായത്.
ഷെയ്ഖ് റാഷിദ് റോഡ്–- അൽ മിന സ്ട്രീറ്റ് ഇന്റർസെക്ഷൻ വികസന പ്രോജക്ടിന്റെ ഭാഗമായി അഞ്ചാമത്തെയും അവസാനത്തെയും പാലം ഉദ്ഘാടനം ചെയ്തതായി ആർടിഎ വ്യക്തമാക്കി. ഇപ്പോൾ യാത്രക്കാർക്ക് അൽ ഗർഹൂദ് പാലത്തിൽനിന്ന് ഇൻഫിനിറ്റി പാലം വഴി പോർട്ട് റാഷിദിലേക്കും തുടർന്ന് വാട്ടർഫ്രണ്ട് മാർക്കറ്റിലേക്കും തിരിച്ചും തടസ്സമില്ലാതെ യാത്ര ചെയ്യാനാകും. ജുമൈറ സ്ട്രീറ്റിൽനിന്ന് ഇൻഫിനിറ്റി പാലം വരെയുള്ള യാത്രയ്ക്ക് ഇപ്പോൾ അഞ്ച് മിനിറ്റ് ദൈർഘ്യം മാത്രം മതി. ഇൻഫിനിറ്റി പാലത്തിൽനിന്ന് അൽ മിന സ്ട്രീറ്റിലേക്കും തുടർന്ന് സെക്കൻഡ് ഡിസംബർ സ്ട്രീറ്റുമായി കൂടിചേരുന്ന അൽ വസൽ റോഡിലേക്കുമുള്ള യാത്രയ്ക്ക് അഞ്ച് മിനിറ്റ് സമയം മതിയെന്നും ആർടിഎ വ്യക്തമാക്കി.
ഇൻഫിനിറ്റി പാലത്തിന്റെ റാമ്പിന്റെ അവസാനം (ദെയ്‌റ) മുതൽ അൽ ഖലീജ് സ്ട്രീറ്റും കെയ്റോ സ്ട്രീറ്റും കൂടിച്ചേരുന്ന ഇന്റർസെക്ഷൻ വരെ നീളുന്ന അൽ ഖലീജ് സ്ട്രീറ്റ് ടണൽ പ്രോജക്ടും പുരോഗമിക്കുകയാണ്. ഈ ഇടനാഴി ദെയ്‌റ, ബർ ദുബായ് എന്നിവയ്ക്ക് സേവനമൊരുക്കുന്നതോടൊപ്പം ദുബായ് ഐലൻഡ്സ്, ദുബായ് വാട്ടർഫ്രണ്ട്, ദുബായ് മാരിടൈം സിറ്റി, പോർട്ട് റാഷിദ് തുടങ്ങിയ പ്രധാന വികസന പ്രോജക്ടുകളെയും ബന്ധിപ്പിക്കുന്നു. ഈ പ്രോജക്ട് 10 ലക്ഷം ആളുകൾക്ക് സേവനം നൽകുന്നതാണെന്ന്–- ആർടിഎ ഡയറക്‌ടർ ജനറൽ മാത്തർ അൽ തായർ വ്യക്തമാക്കി.
ഷിന്ദഗ ഇടനാഴി വികസനപദ്ധതിയുടെ ബർ ദുബായ് ഭാഗം










0 comments