ജാബർ അൽ അഹമ്മദിൽ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

കുവൈത്ത് സിറ്റി : ജാബർ അൽ അഹമ്മദിലെ ജാബർ മാളിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്. ഇതോടെ രാജ്യത്തെ ലുലു സ്റ്റോറുകളുടെ എണ്ണം 19 ആയി. കംബൈൻഡ് ഗ്രൂപ്പ് വൈസ് ചെയർമാൻ റാദ് ഖലഫ് അൽ അബ്ദുള്ള ഉദ്ഘാടനംചെയ്തു. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി, യുഎഇ അംബാസഡർ ഡോ. മതർ ഹമദ് അൽ നെയാദി, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി എന്നിവർ പങ്കെടുത്തു.
എട്ടുമാസത്തിൽ രാജ്യത്ത് അഞ്ച് പുതിയ പദ്ധതികൂടി ആരംഭിക്കാനാണ് ലുലു ലക്ഷ്യമിടുന്നതെന്ന് യൂസഫലി പറഞ്ഞു. അൽ ഷദാദിയയിൽ കുവൈത്തിലെ ലുലുവിന്റെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ വികസനം പുരോഗമിക്കുകയാണ്. റീട്ടെയിൽ മേഖല, അടിസ്ഥാന സൗകര്യ വികസനം, ദീർഘകാല സാമ്പത്തിക വളർച്ച എന്നിവയിൽ കുവൈത്തിനോടുള്ള ലുലുവിന്റെ പ്രതിബദ്ധതയാണ് പുതിയ നിക്ഷേപങ്ങൾ വ്യക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
8500 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ഒരുക്കിയ പുതിയ ഹൈപ്പർമാർക്കറ്റ് പബ്ലിക് അതോറിറ്റി ഫോർ ഹൗസിങ് വെൽഫെയറിന്റെ കീഴിലുള്ള പ്രധാന പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതിയായ ജെ–2 വികസനത്തിന്റെ ഭാഗമാണ്. ലുലു സിഇഒ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം എ അഷ്റഫ് അലി, ലുലു ഇന്റർനാഷണൽ ഹോൾഡിങ്സ് സിഒഒ ആനന്ദ് റാം, ലുലു കുവൈത്ത് ഡയറക്ടർ കെ എസ് ശ്രീജിത്ത്, റീജണൽ ഡയറക്ടർ സക്കീർ ഹുസൈൻ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.










0 comments