ad
Deshabhimani

ഒമാനിൽ തൊഴിലാളി ദിനാഘോഷം ഞായറാഴ്ച

oman flag
വെബ് ഡെസ്ക്

Published on May 02, 2026, 03:10 PM | 1 min read

മസ്‌കത്ത്‌ : ഒമാൻ തൊഴിലാളി ഫെഡറേഷന്റെ അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷം ഞായറാഴ്ച നടക്കും. സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിലും ദേശീയ വികസനത്തിന് സംഭാവന നൽകുന്നതിലും സ്വകാര്യ മേഖല തൊഴിലാളികൾ വഹിക്കുന്ന പങ്ക്‌ അംഗീകരിച്ചാണ്‌ ആഘോഷം.


ആരോഗ്യ മന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തിയുടെ രക്ഷാകർതൃത്വത്തിലാണ്‌ പരിപാടി. മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, സ്വകാര്യ മേഖല സ്ഥാപനങ്ങളുടെ പ്രതിനിധികൾ, സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ, തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ താൽപ്പര്യമുള്ള വ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കും. 2025ലെ തൊഴിലാളി യൂണിയൻ അവാർഡ് ജേതാക്കളെ ആദരിക്കും.


ഒമാനിലെ തൊഴിലാളി യൂണിയൻ പ്രസ്ഥാനത്തിന്റെ പ്രാധാന്യവും സ്വകാര്യ മേഖലയിലെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ അതിന്റെ പങ്ക്‌ എടുത്തുകാണിക്കുകയുമാണ് ആഘോഷത്തിന്റെ ലക്ഷ്യം. സാമൂഹിക സംരക്ഷണ സംവിധാനം ശക്തിപ്പെടുത്താനും തൊഴിലാളികളെ കരാർ അവസാനിപ്പിക്കുന്നതിൽനിന്ന് സംരക്ഷിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാധ്യമ ക്യാമ്പയിൻ ഫെഡറേഷൻ ആരംഭിക്കും. ഫെഡറേഷന്റെ 2025 വാർഷിക റിപ്പോർട്ടിലെ പ്രധാന നേട്ടങ്ങൾ, പ്രശ്നങ്ങൾ, സൂചകങ്ങൾ എന്നിവയും ചടങ്ങിൽ അവലോകനം ചെയ്യും. കൂടാതെ, "ഒമാനിലെ തൊഴിൽ ശക്തി’ എന്ന പേരിൽ കലാസൃഷ്ടിയും ആരംഭിക്കും.


തൊഴിലാളികളുടെ മൂല്യവും സമൂഹത്തിലെ അവരുടെ പദവിയും പ്രദർശിപ്പിക്കുന്നതിനൊപ്പം, പ്രൊഫഷണലിസം, സമർപ്പണം, അഭിലാഷം, വിശ്വസ്‌തത, അവകാശബോധം എന്നിവ പ്രതിഫലിപ്പിക്കാനും പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.


പരിപാടിയുടെ ഭാഗമായി, പെട്രോളിയം ഡെവലപ്‌മെന്റ് ഒമാനുമായി സഹകരണ കരാറിലും ഒമാൻ എനർജി അസോസിയേഷനുമായി സഹകരണ മെമ്മോറാണ്ടത്തിലും ഒപ്പുവയ്ക്കും. തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്കായി സ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായുള്ള തുടർച്ചയായ സഹകരണത്തിന്റെ ഭാഗമായാണ്‌ കരാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home