വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പുമായി കുവൈത്ത്; ടിക്കറ്റ് നിരക്ക് 15 ദിവസത്തിൽ തിരികെ നൽകണം

കുവൈത്ത് സിറ്റി: വ്യോമാതിർത്തി താൽക്കാലികമായി അടച്ചതിനെ തുടർന്ന് റദ്ദാക്കിയ സർവീസുകളിൽ വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പുമായി കുവൈത്ത്. യാത്രക്കാർക്ക് ടിക്കറ്റിന്റെ മുഴുവൻ തുകയും 15 പ്രവൃത്തി ദിവസത്തിനകം തിരികെ നൽകണമെന്ന് വ്യോമയാന അതോറിറ്റി കർശന നിർദേശം നൽകി. ടിക്കറ്റിന്റെ ഏതെങ്കിലും ഭാഗം ഉപയോഗിക്കാത്ത സാഹചര്യമുണ്ടെങ്കിൽ, പൂർണമായ തുക ലഭിക്കുന്നതിനോ, ഉപയോഗിക്കാത്ത ഭാഗത്തിന്റെ മുഴുവൻ തുകയും തിരികെ ലഭിക്കാനും യാത്രക്കാർക്ക് അവകാശമുണ്ടാകും.
വിമാനങ്ങൾ പുനഃക്രമീകരിക്കൽ, യാത്രാ വൗച്ചറുകൾ സ്വീകരിക്കൽ, ടിക്കറ്റ് തുക എയർലൈൻ ക്രെഡിറ്റാക്കി മാറ്റൽ എന്നിവയ്ക്ക് യാത്രക്കാരെ നിർബന്ധിക്കരുതെന്നും വ്യോമയാന അതോറിറ്റി വ്യക്തമാക്കി. യാത്രയുമായി ബന്ധപ്പെട്ട് യാത്രക്കാർ മുൻകൂട്ടി നടത്തിയ ഹോട്ടൽ ബുക്കിങ്ങുകൾ, അധിക ലഗേജ്, ഇൻഷുറൻസ് ഉൾപ്പെടെയുള്ള മറ്റ് സേവനങ്ങൾക്കും തുക തിരികെ ലഭിക്കാനുള്ള അവകാശം യാത്രക്കാർക്കുണ്ടെന്ന് അധികൃതർ അറിയിച്ചു.
തുക ലഭിക്കാൻ അപേക്ഷ സമർപ്പിച്ച തീയതിമുതൽ 15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ, ബുക്കിങ് സമയത്ത് ഉപയോഗിച്ച അതേ പേയ്‌മെന്റ് രീതിയിലൂടെ തുക മടക്കി നൽകണം. ഈ നടപടിക്രമം സുഗമമാക്കുന്നതിനും യാത്രക്കാരുമായി ആവശ്യമായ സഹകരണം ഉറപ്പാക്കുന്നതിനും എയർലൈൻസുകൾ ബാധ്യസ്ഥരാണെന്നും അധികൃതർ വ്യക്തമാക്കി.










0 comments