Deshabhimani

പ്രവാസികൾക്ക് ആശ്വാസം: കുടുംബ സന്ദർശക വിസ മൂന്ന് മാസമാക്കും, പരമാവധി ഒരു വർഷം വരെ നീട്ടാം.

passport kuwait
വെബ് ഡെസ്ക്

Published on Aug 05, 2025, 04:55 PM | 2 min read

കുവൈത്ത് സിറ്റി: പ്രവാസി സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതുപോലെ, കുടുംബ സന്ദർശക വിസയിൽ സുപ്രധാന പരിഷ്കാരങ്ങൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മന്ത്രിസഭാതലത്തിൽ അംഗീകാരം ലഭിച്ച പുതിയ തീരുമാനങ്ങൾ, ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് വലിയ ആശ്വാസമായി മാറുമെന്നതിൽ സംശയമില്ല. ഇതുവരെ ഒരുമാസം മാത്രമായി പരിമിതപ്പെട്ടിരുന്ന സന്ദർശക വിസയുടെ കാലാവധി മൂന്ന് മാസമായി ദീർഘിപ്പിച്ചു. വിസ ആറുമാസമോ ഒരു വർഷമോ നീട്ടാൻ കഴിയുമെന്നും ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സഊദ് അൽ സബാഹ് വ്യക്തമാക്കി. സന്ദർശകർ ആവശ്യമായ ഫീസ് അടച്ച് അവർക്ക് ഇഷ്ടപ്പെട്ട ഒപ്ഷൻ തെരഞ്ഞെടുക്കാം.


ഇതിനൊപ്പം, വിമർശനങ്ങൾക്കിടയാക്കിയ മറ്റൊരു പ്രധാന നിബന്ധനയും പിൻവലിച്ചു. സന്ദർശകർക്ക് കുവൈത്തിൽ പ്രവേശിക്കാനായി കുവൈത്ത് എയർവേയ്‌സ് അല്ലെങ്കിൽ ജസീറ എയർവേയ്‌സ് പോലുള്ള ദേശീയ എയർലൈൻസുകൾ മാത്രം ഉപയോഗിക്കണമെന്ന മുൻ നിർദ്ദേശം ഇനി മുതൽ ബാധകമല്ല. പുതിയ തീരുമാനപ്രകാരം, സന്ദർശകർക്ക് അന്താരാഷ്ട്ര എയർലൈൻസുകൾ ഉൾപ്പെടെ തങ്ങൾക്കിഷ്ടമുള്ള ഏതൊരു വിമാനക്കമ്പനിയും തെരഞ്ഞെടുക്കാവുന്നതാണ്. യാത്രാ ചെലവുകൾ കുറയ്ക്കുന്നതിനും സീറ്റുകളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും ഈ മാറ്റം സഹായകരമാകും. പ്രാദേശിക മാധ്യമത്തിന്റെ എഡിറ്റർ-ഇൻ ചീഫുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് മന്ത്രി പുതിയ മാർഗനിർദേശങ്ങൾ വിശദീകരിച്ചത്.


2023 ഫെബ്രുവരിയിലാണ് കുവൈത്തിൽ കുടുംബ വിസയും സന്ദർശക വിസയും ദീർഘ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചത്. എന്നാൽ പ്രാരംഭ ഘട്ടത്തിൽ വിസയ്ക്ക് ഒരുമാസം മാത്രമായിരുന്ന കാലാവധിയും ടിക്കറ്റ് സംബന്ധിച്ച കർശന നിയന്ത്രണങ്ങളും പ്രവാസികളിൽ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. പ്രത്യേകിച്ച് രാജ്യത്ത് താമസിക്കുന്നവരുടെ കുടുംബാംഗങ്ങൾക്ക് അതീവകാലം ഒപ്പം കഴിയാൻ സൗകര്യമില്ലാതായിരുന്നതിനാൽ നിരവധി പരാതികൾ ഉയർന്നിരുന്നു.


പൗരന്മാരുടെയും പ്രവാസികളുടെയും നിർദ്ദേശങ്ങൾ പരിഗണിച്ച്, ‘കുവൈത്ത് വിസ’ ഓൺലൈൻ പ്ലാറ്റ്‌ഫോം നേരിട്ടിരുന്ന സാങ്കേതിക തടസ്സങ്ങൾക്കും ഉപയോഗത്തിലെ അവ്യക്തതകൾക്കും പരിഹാരമായി പുതിയ സംവിധാനങ്ങൾ രൂപപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. പുതിയ വിസ വ്യവസ്ഥകൾ ആഗസ്ത് ആദ്യവാരത്തിൽ പ്രാബല്യത്തിൽ വരും. ഇതിനായി വിശദമായ മാർഗനിർദേശങ്ങൾ ഉടൻ പുറത്തുവിടും. പ്രവാസികൾക്ക് അവരുടെ കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കാൻ അവസരമൊരുക്കുന്നതോടൊപ്പം, സന്ദർശന ചെലവുകൾ ചുരുക്കാനും യാത്രാസൗകര്യം വർദ്ധിപ്പിക്കാനും കഴിയുന്നതാണ് പുതിയ തീരുമാനം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home