ലഹരിവിരുദ്ധ നിയമങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ അറബ് രാജ്യമായി കുവൈത്ത്

കുവൈത്ത് സിറ്റി: ലഹരിമരുന്ന് ദുരുപയോഗത്തിനെതിരായ ബോധവത്കരണം വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമാക്കി, ലഹരി വിരുദ്ധ നിയമങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ അറബ് രാജ്യമായി കുവൈത്ത് മാറി. അടുത്ത അധ്യയന വർഷം മുതൽ മിഡിൽ സ്കൂളുകളുടെ പാഠ്യപദ്ധതിയിൽ ലഹരി മരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും സംബന്ധിച്ച നിയമബോധവത്കരണ പാഠങ്ങൾ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പുതിയ പാഠഭാഗങ്ങൾ വിദ്യാർഥികളുടെ പ്രായത്തിനും ബോധനിലവാരത്തിനും അനുയോജ്യമായ രീതിയിലായിരിക്കും. ലഹരി മരുന്നുകളുടെ ഉപയോഗം, കൈവശം വയ്ക്കൽ, വിതരണം, കടത്തൽ എന്നിവയുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകളും ശിക്ഷകളും ലളിതമായ ഭാഷയിൽ വിശദീകരിക്കും. ഇതോടൊപ്പം ലഹരിവസ്തുക്കൾ ഉണ്ടാക്കുന്ന ആരോഗ്യ, സാമൂഹിക, മാനസിക പ്രത്യാഘാതങ്ങളും പാഠ്യവിഷയത്തിന്റെ ഭാഗമായി ഉൾപ്പെടുത്തും.
ചെറുപ്പം മുതൽ കുട്ടികളിൽ നിയമബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്തുക എന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം. ലഹരിമരുന്ന് വ്യാപാരികളും സാമൂഹിക വിരുദ്ധ സംഘങ്ങളും യുവാക്കളെ ലക്ഷ്യമാക്കി നടത്തുന്ന ശ്രമങ്ങളെ മുൻകൂട്ടി തടയാനും, വിദ്യാർഥികളെ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കാനും ഈ പാഠങ്ങൾ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
സാങ്കേതികവിദ്യയുടെയും സാമൂഹിക മാധ്യമങ്ങളുടെയും വ്യാപനത്തോടെ ലഹരിവസ്തുക്കളുടെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, സ്കൂളുകൾക്ക് സമൂഹ സംരക്ഷണത്തിൽ നിർണായക പങ്കുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ലഹരിക്കെതിരായ സർക്കാർ നയങ്ങൾ ക്ലാസ് മുറികളിലൂടെയും വിദ്യാർഥികളിലൂടെയും സമൂഹത്തിന്റെ അടിത്തട്ടിലേക്ക് എത്തിക്കുന്നതിലെ ഒരു സുപ്രധാന ചുവടുവയ്പ്പായാണ് ഈ പാഠ്യപരിഷ്കാരം വിലയിരുത്തപ്പെടുന്നത്.
ഭാവിതലമുറയെ ലഹരി ഭീഷണിയിൽ നിന്ന് സംരക്ഷിക്കാനും, സുരക്ഷിതവും ബോധമുള്ളതുമായ സമൂഹം സൃഷ്ടിക്കാനും ഈ വിദ്യാഭ്യാസ തീരുമാനം നിർണായകമാകുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.










0 comments