ഖരീഫ് സീസൺ; സേവനങ്ങളുമായി സലാല ട്രാവലേഴ്സ് ക്ലബ്

സലാല : ഈ വർഷത്തെ ഖരീഫ് സീസൺ അവസാനിക്കുമ്പോഴും ഒമാനിലെ ദോഫാർ ഗവർണറേറ്റിലെത്തുന്ന സഞ്ചാരികൾക്ക് കൈത്താങ്ങായി യാത്ര കൂട്ടായ്മയായ സലാല ട്രാവലേഴ്സ് ക്ലബ്. മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നൊഴുകിയെത്തിയ സഞ്ചാരികളുടെ യാത്രാനുഭവം സുരക്ഷിതവും സുഗമവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ, വഴിതെറ്റുന്നവർക്കും വാഹന തകരാറുകൾക്കും ആവശ്യമായ 24 മണിക്കൂർ അടിയന്തര സഹായം, ബജറ്റിന് അനുയോജ്യമായ താമസ- ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തൽ, ചുരുങ്ങിയ ദിവസങ്ങളിൽ പരമാവധി സ്ഥലങ്ങൾ സന്ദർശിക്കാനുള്ള യാത്രാപ്ലാനുകൾ തയ്യാറാക്കി നൽകൽ തുടങ്ങിയ സമഗ്രമായ സേവനങ്ങളാണ് ഇത്തവണത്തെ ഖരീഫിന് ക്ലബ് ഉറപ്പാക്കിയത്.
ഖരീഫ് ടൂറിസത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലബ് ദിവസേന ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരങ്ങൾ സംഘടിപ്പിക്കുകയും സീസണിന്റെ ഒടുവിൽ വിജയികൾക്ക് സലാല ട്രാവലേഴ്സ് അവാർഡുകൾ സമ്മാനിക്കുകയും ചെയ്യും. ഖരീഫ് സീസണിലെ എല്ലാ വെള്ളിയാഴ്‌ചകളിലും അധികമാർക്കും അറിയാത്ത പുതിയ പ്രകൃതി സൗന്ദര്യകേന്ദ്രങ്ങളും വെള്ളച്ചാട്ടങ്ങളും കണ്ടെത്തി അവയുടെ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടാനും ക്ലബ് ശ്രദ്ധ കേന്ദ്രീകരിച്ചു. സിറാജ് സിദാൻ, സിദ്ദീഖ് ബാബു, ഫാറൂഖ് സലാല, ഉസ്മാൻ, സായവൻ, അനസ് പോപ്സ്, ശിഹാബ് ആലടി എന്നിവരുടെ നേതൃത്വത്തിലാണ് ക്ലബ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കപ്പെടുന്നത്.








0 comments