കല കുവൈത്ത് ‘ഗ്രാമോത്സവം’

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത് അബ്ബാസിയ മേഖലയുടെ നേതൃത്വത്തിൽ ‘ഗ്രാമോത്സവം’ സംഘടിപ്പിച്ചു. അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കല കുവൈത്ത് ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ് ഉദ്ഘാടനം ചെയ്‌തു. മേഖല ആക്ടിങ് പ്രസിഡന്റ് വിനീത് വിജയൻ അധ്യക്ഷനായി.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയും വഞ്ചിപ്പാട്ടിനൊപ്പം മഹാബലിയുടെ വരവും ആഘോഷങ്ങൾക്ക് തുടക്കമിട്ടു. കല കുവൈത്തിലെ നൂറ്റിയമ്പതിലധികം അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ഇരുപത്തിയഞ്ചോളം ഇനം പായസങ്ങളൊരുക്കിയ പായസമേളയും അരങ്ങേറി. ബാലവേദി കുവൈത്ത് അബ്ബാസിയ മേഖല സംഘടിപ്പിച്ച ഗൃഹാങ്കണ പൂക്കളമത്സരത്തിലെ വിജയികളായ ക്ലബ്ബുകൾക്ക് സമ്മാനങ്ങൾ നൽകി. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മാതൃഭാഷ അധ്യാപിക ഏലിയാമ്മ ഐസക്കിന് കല കുവൈത്ത് മാതൃഭാഷ ജനകീയ സമിതിയുടെ ഉപഹാരവും സമ്മാനിച്ചു.
കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ്ക്കൽ, ജോയിന്റ് സെക്രട്ടറി പി വി പ്രവീൺ എന്നിവർ സംസാരിച്ചു. മേഖല എക്സിക്യൂട്ടീവ് അംഗം ജസ്റ്റിൻ, ബാലവേദി അബ്ബാസിയ മേഖല സെക്രട്ടറി ചാരുലക്ഷ്‌മി എസ് യാഗേഷ് എന്നിവർ പങ്കെടുത്തു. കല കുവൈത്ത് അബ്ബാസിയ മേഖല സെക്രട്ടറി കൃഷ്ണ മേലത്ത് സ്വാഗതവും ഗ്രാമോത്സവം ജനറൽ കൺവീനർ കെ കെ ഷൈമേഷ് നന്ദിയും പറഞ്ഞു.









0 comments