ഐഎസ്‌സി ഇന്ത്യ ഫെസ്റ്റ് സീസൺ 14 വെള്ളിയാഴ്ച മുതൽ; ഇന്ത്യയിൽ നിന്ന് 300 ലേറെ കലാകാരന്മാർ പങ്കെടുക്കും

അബുദാബി : ഇന്ത്യ സോഷ്യൽ ആന്റ് കൾചറൽ സെന്റർ (ഐഎസ്‌സി) സംഘടിപ്പിക്കുന്ന ഇന്ത്യ ഫെസ്റ്റ് സീസൺ 14 ന് ഇന്ന് (വെള്ളിയാഴ്ച) തുടക്കം. ഐ എസ് സിയുടെ വിവിധ വേദികളിലായി നടക്കുന്ന ഫെസ്റ്റ് ഡിസംബർ 14 ഞായറാഴ്ച വരെ നീണ്ടുനിൽക്കും. എല്ലാദിവസവും വൈകിട്ട് 6.30 മുതൽ രാത്രി 11.30 വരെയാണ് പരിപാടി. വിവിധ കലാപരിപാടികൾ അവതരിപ്പിക്കാനായി ഇന്ത്യയിൽനിന്ന് 300ലേറെ കലാകാരന്മാർ എത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഗായിക അനിത ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള സംഗീത പരിപാടിയാണ് ആദ്യ ദിനത്തിലെ മുഖ്യ ആകർഷണം. മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങി 12 ഭാഷകളിൽ ഗാനം ആലപിക്കും. തനൂറ, അയാല തുടങ്ങി യുഎഇയുടെ തനത് കലാവിരുന്നും ഉദ്ഘാടനത്തിനുണ്ടാകും.
നാളെ (ശനിയാഴ്ച) ഫ്ലൈയിങ് എലിഫന്റ് മ്യൂസിക് ബാൻഡ് ഒരുക്കുന്ന സംഗീത പരിപാടിക്ക് ഗായിക അനാമിക നേതൃത്വം നൽകും. മുഖ്യവേദിയിൽ ഇടതടവില്ലാതെ കലാവിരുന്നും അരങ്ങേറും.
സമാപന ദിവസമായ ഞായറാഴ്ച സത്യൻ മഹാലിംഗത്തിന്റെ നേതൃത്വത്തിലായിരിക്കും സംഗീത കച്ചേരി. വെസ്റ്റേൺ മ്യൂസികിന്റെ മാന്ത്രികതയുമായി പ്രിയ ജേസണുമുണ്ടാകും. സാംസ്കാരിക പ്രദർശനങ്ങൾ, വിനോദ, വിജ്ഞാന, സംഗീത, നൃത്ത ഹാസ്യ പരിപാടികൾ എന്നിവയ്ക്കു പുറമെ വസ്ത്രം, ആഭരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ഡ്രൈ ഫ്രൂട്ട്സ്, ഗിഫ്റ്റ് ഐറ്റംസ് തുടങ്ങിയവ ലഭ്യമാകുന്ന ബസാറും ഒരുക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷണ വിഭവങ്ങളായിരിക്കും മറ്റൊരു ആകർഷണം.
ഏറ്റവും പുതിയ ഗാഡ്ജറ്റുകൾ സ്വന്തമാക്കാൻ ടെക്നോളജി ആൻഡ് ഇന്നവേഷൻ സോണും ഒരുക്കിയിട്ടുണ്ട്. ഡിസി ബുക്സിന്റെ നേതൃത്വത്തിലുള്ള പുസ്തകശാലയും ഉണ്ടാകും. പ്രവേശന കൂപ്പൺ നറുക്കെടുപ്പിലൂടെ മെഗാ വിജയിക്ക് കാർ സമ്മാനമായി നൽകും. കൂടാതെ 4 പേർക്ക് സ്വർണനാണയം, ഐഫോൺ, സ്മാർട്ട് വാച്ച് തുടങ്ങി മറ്റു 25 സമ്മാനങ്ങളും നൽകും. ടിക്കറ്റ് ഐഎസ്‌സി ആസ്ഥാനത്തും ക്യു-ടിക്കറ്റ് ഓൺലൈനിലും അബുദാബി, മുസഫ എന്നിവിടങ്ങളിലെ മുപ്പതിലേറെ റസ്റ്റോറന്റുകളിലും ലഭിക്കും. ഇന്ത്യ ഫെസ്റ്റ് സുവനീറും പുറത്തിറക്കും. ഐഎസ്‌സിയുടെ എതിർവശത്തായി വിശാലമായ പാർക്കിങ്ങും സജ്ജീകരിച്ചിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ജയചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി സത്യബാബു, ട്രഷറർ ടി എൻ കൃഷ്ണൻ, വൈസ് പ്രസിഡന്റും ഇന്ത്യ ഫെസ്റ്റ് ജനറൽ കൺവീനറുമായ ഷാജി വള്ളിക്കാട്ടിരി, എന്റർടൈൻമെന്റ് സെക്രട്ടറി കെ ടി പി രമേശൻ, ഐസിഎൽ ഫൈൻകോർപ്പ് ഇൻവെസ്റ്റ്മെന്റ് ഡയറക്ടർ അമൽജിത്ത് എ മേനോൻ, ജെമിനി ഗ്രൂപ്പ് ഡയറക്ടർ വിനീഷ് ബാബു, ലുലു എക്സ്ചേഞ്ച് സീനിയർ മാനേജർ ജീൻ കുമാർ സീൻ, അൽ ഹബ്ത്തൂർ റോയൽ കാർ സെയിൽസ് മാനേജർ മനോജ് വൈ സക്കറിയ, ബുർജീൽ ഹോൾഡിങ്ങ്സ് റീജണൽ ഡയറക്ടർ ഓഫ് ഒപ്പേറഷൻസ് ഡോ. നരേന്ദ്ര ഡി സോണിഗ്ര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments