ad
Deshabhimani

പുതുവർഷത്തെ വരവേറ്റ് ഒമാനിലെ ഇറാൻ സമൂഹം

NEWYEAR IN OMAN
വെബ് ഡെസ്ക്

Published on Mar 21, 2025, 10:06 AM | 1 min read

മസ്‌കത്ത്‌: പുതുവർഷ പിറവിയായ ‘നുറൂസ്‌’നെ വിപുലമായി വരവേറ്റ് ഒമാനിലെ ഇറാൻ സമൂഹം. പേർഷ്യൻ കലണ്ടർ അനുസരിച്ച്‌ 1404 ഫർവാർദി മാസം പിറന്നത് വ്യാഴം ഒമാൻ സമയം ഉച്ചയ്ക്ക്‌ 1.1ന്‌ ആണ്‌. മലയാളികളുടെ വിഷുവിന്‌ സമാനമായ ആചാരങ്ങളുമായാണ്‌ പുതുവർഷം ആഘോഷിക്കുന്നത്‌.


വിഷുക്കണിക്ക് സമാനമായ ‘ഹഫ്‌ത്‌സീൻ' നുറൂസിന്റെ അവിഭാജ്യ ഘടകമാണ്. ‘ഹഫ്ത്’ എന്നാൽ, പേർഷ്യൻ ഭാഷയിൽ ഏഴ്‌ എന്നാണർഥം. ‘സ’ എന്ന അക്ഷരത്തിന് സമാനമാണ് ‘സീൻ'. അതിനാൽ ‘സ'യിൽ തുടങ്ങുന്ന ഏഴുതരം വസ്‌തുക്കളാണ് നുറൂസിൽ കണിയായി ഒരുക്കുന്നത്. ഉണങ്ങിയ ഒലീവ് കായ (സെൻജദ്), നാണയങ്ങൾ (സെക്കെ), ആപ്പിൾ (സീബ്), വെളുത്തുള്ളി (സീർ), പച്ചപ്പുൽക്കെട്ട് (സബ്സെ), കുങ്കുമനിറത്തിലുള്ള പൊടിച്ച കായ (സുമഖ്), കുറുക്കിയ മധുരപാനീയം (സമനു) എന്നിവയാണത്‌. വിഷുക്കണിപ്പോലെ കണ്ണാടിയും പുസ്‌തകങ്ങളുംകൂടി ഇതിനൊപ്പം വയ്ക്കാറുണ്ടെന്ന്‌ ഇറാനിയൻ പൗരൻ മിലാദ് റംസാനലി അമെരി പറഞ്ഞു.


നുറൂസിനുശേഷം 13 ദിവസം ഹഫ്‌ത്‌സീൻ നിലനിർത്തും. ‘സിസ്ദ ബെദാർ' എന്ന 13–-ാം ദിനത്തിൽ പുൽക്കെട്ട് സമീപത്തുള്ള ജലാശയത്തിൽ ഒഴുക്കി വിടും. അന്ന്‌ പ്രകൃതി ദിനമെന്ന നിലയിൽ കുടുംബത്തോടൊപ്പം പുറത്തു ചെലവഴിക്കും. ‘സബ്സീ പുലോ’ എന്ന പുലാവാണ് നൂറൂസിന്റെ ഭാഗമായി ഇറാൻകാർ കൂടുതലായും തയ്യാറാക്കുന്ന പ്രത്യേക ഭക്ഷണം. ഇറാനി അരിയും പച്ചക്കറികളും പൊരിച്ചതോ, ഗ്രിൽ ചെയ്തതോ ആയ മീനും ചേർത്താണ്‌ ഒരുക്കുന്നത്‌. ഇന്ത്യക്കാരുടെ ‘പുലാവ്' തന്നെയാണ് ഇറാനികളുടെ ‘പുലോ'. ഭാഷാപ്രയോഗങ്ങളിലും വാക്കുകളിലും സാംസ്‌കാരിക സാമൂഹിക ഭക്ഷണ ശീലങ്ങളിലും നൂറ്റാണ്ടുകൾക്ക് മുമ്പു നടന്ന ഇൻഡോ–- -ആര്യൻ വിനിമയം ഇന്നും തെളിഞ്ഞു കാണാം.

പുതുവർഷപ്പിറവിയുടെ ഭാഗമായി വാരാന്ത്യത്തിൽ വിപുലമായ ആഘോഷ പരിപാടികൾക്കാണ് ഒമാനിലെ പതിനായിരത്തോളം വരുന്ന ഇറാനി പ്രവാസികൾ തയ്യാറെടുക്കുന്നത്‌. പരമ്പരാഗത ഇറാനി സംഗീതവും നൃത്തവും ഭക്ഷണ വിഭവങ്ങളുമായി എല്ലാ പൂർണതയോടുംകൂടി പുതുവർഷത്തെ അവർ വരവേൽക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home