ഇൻഫോക് മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് സബാഹ് റീജിയൻ സെമിനാർ സംഘടിപ്പിച്ചു. തൊഴിലിടങ്ങളിലെ സമ്മർദനിയന്ത്രണം എന്ന വിഷയത്തിൽ ഫർവാനിയ മെഡെക്സ് കെയർ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇൻഫോക് പ്രസിഡന്റ് വിജേഷ് വേലായുധൻ ഉദ്ഘാടനം ചെയ്തു.
സബാഹ് റീജിയൻ കൺവീനർ ശ്യാം പ്രസാദ് അധ്യക്ഷനായി. മുഖ്യാതിഥിയായ സൈക്യാട്രിസ്റ്റ് ഡോ. നീതു മറിയം ചാക്കോ ‘ജീവിതാനുഭവങ്ങൾ കേൾക്കാം: യഥാർത്ഥ ശബ്ദങ്ങൾ, യഥാർത്ഥ മാറ്റം’ എന്ന വിഷയത്തിൽ സംസാരിച്ചു. സൈക്കോളജിസ്റ്റും ബിഹേവിയർ അനലിസ്റ്റുമായ റസിയ നിസാർ സെമിനാർ നയിച്ചു. ജോലിസ്ഥലത്തെ സമ്മർദത്തിന്റെ കാരണങ്ങളും ആരോഗ്യത്തെ ബാധിക്കുന്ന രീതികളും സമ്മർദം നിയന്ത്രിക്കാനുള്ള മാർഗങ്ങളും വിശദീകരിച്ചു. ജോലിയും വ്യക്തിജീവിതവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുക, സഹപ്രവർത്തകരുടെ പിന്തുണ ഉറപ്പാക്കുക, ആവശ്യമായപ്പോൾ വിദഗ്ധസഹായം തേടുക എന്നിവയുടെ പ്രാധാന്യവും ചർച്ച ചെയ്തു.
ഇൻഫോക് ജനറൽ സെക്രട്ടറി ജോബി ജോസഫ്, ട്രഷറർ മുഹമ്മദ് ഷാ, കോർ കമ്മിറ്റിയംഗം ഷൈജു കൃഷ-്‌ണൻ, ലുലു മണി കുവൈത്ത് ഹെഡ് ഓഫ് ഓപ്പറേഷൻസ് ഷഫാസ് അഹമ്മദ്, ഡിജിറ്റൽ ചാനൽ അസിസ്റ്റന്റ് മാനേജർ ഡാനിയൽ അയ്യൂബ് എന്നിവർ സംസാരിച്ചു. സബാഹ് റീജിയൻ ജനറൽ സെക്രട്ടറി ദിവ്യ എസ് വിശ്വനാഥ് സ്വാഗതവും ട്രഷറർ അബ്രഹാം റോയ് നന്ദിയും പറഞ്ഞു. ജോയിന്റ് കൺവീനർ ധന്യ മുകേഷ് അവതാരകയായി. ഇൻഫോക് ഭാരവാഹികളും യൂണിറ്റ് കോർഡിനേറ്റർമാരും പരിപാടിക്ക് നേതൃത്വം നൽകി.









0 comments