ഇന്ത്യൻ നാവികസേന യാനം മസ്‌കത്തിൽ

പ്രതീകാത്മക ചിത്രം
മസ്‌കത്ത്: ഇന്ത്യൻ നാവികസേനയുടെ യാനം ഐഎൻഎസ്‌വി കൗണ്ടിന്യ മസ്‌കത്തിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് നങ്കൂരമിട്ടു. ഇന്ത്യൻ തീരത്തുനിന്ന് 18 ദിവസത്തെ സമുദ്ര യാത്ര ചെയ്താണ് മസ്‌കത്തിലെത്തിയത്.
നാവിക ഉദ്യോഗസ്ഥരടങ്ങുന്ന കപ്പലിലെ ആറംഗ സംഘത്തിന് തുറമുഖത്ത് ഔപചാരിക സ്വീകരണം നൽകി. നാവിക സഹകരണം വളർത്തുന്നതിന്റെയും ഇന്ത്യയും ഒമാനും തമ്മിലുള്ള ചരിത്രപരമായ നാവിക പര്യവേക്ഷണ ബന്ധങ്ങളെ അനുസ്‌മരിപ്പിക്കുന്നതിന്റെയും ഭാഗമായാണ് യാത്രയെന്ന് അധികൃതർ പറഞ്ഞു.
കാറ്റിന്റെ ദിശാവ്യതിയാനം കണക്കിലെടുത്ത് പായകൾ വിന്യസിച്ച് വിദഗ്‌ധരായ നാവികർ നയിച്ച യാനം വെല്ലുവിളികൾ നിറഞ്ഞ കാലാവസ്ഥ അതിജീവിച്ചാണ് മസ്‌കത്തിലെത്തിയത്. പുരാതന കെട്ടുവള്ളങ്ങളുടെ സങ്കേതമുപയോഗിച്ചുള്ള അഞ്ചാം നൂറ്റാണ്ടിലെ ഇന്ത്യൻ യാനത്തിന്റെ പുനർനിർമിതിയാണ് ഐഎൻഎസ്‌വി കൗണ്ടിന്യ.
ഇന്ത്യൻ നാവികസേനയുടെ കർശനമായ പരിശീലനത്തിന്റെയും വൈദഗ്‌ധ്യത്തിന്റെയും തെളിവാണിത്. ഉഭയകക്ഷി നാവിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും സമുദ്രമേഖലയിലെ സാഹസികതയും പ്രൊഫഷണൽ മികവും പ്രോത്സാഹിപ്പിക്കുന്നതിലും ഈ യാത്ര സുപ്രധാന നാഴികക്കല്ലായി കണക്കാക്കപ്പെടുമെന്നും സംഘാംഗങ്ങൾ പറഞ്ഞു.










0 comments