പുതിയ സംവിധാനം പ്രാബല്യത്തിൽ; യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇനി ഇ -പാസ്‌പോർട്ട് മാത്രം

ദുബായ് : യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇനിമുതൽ ഇ– -പാസ്‌പോർട്ട് മാത്രമായിരിക്കും ലഭിക്കുകയെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പ് ഉൾപ്പെടുത്തിയ ഇ– -പാസ്‌പോർട്ടുകൾ ഉടമയുടെ വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും സുരക്ഷിതമായി സൂക്ഷിക്കും. പഴയ പാസ്‌പോർട്ട് നമ്പർ നൽകി സ്ഥിരീകരിച്ചാൽ രണ്ടുമിനിറ്റിൽ അപേക്ഷ പൂർത്തിയാക്കാമെന്നും കോൺസുലേറ്റ് ജനറലിന്റെ ചുമതലയുള്ള നയതന്ത്രജ്ഞൻ എ അമർനാഥ് അറിയിച്ചു.
യുഎഇയിലെ ചിലർക്ക് ഇതിനകം ഇ– -പാസ്‌പോർട്ട് ലഭിച്ചു. പുതിയ സംവിധാനം അനുസരിച്ച് എല്ലാ അപേക്ഷയും പുതുക്കലും https://mportal.passportindia.gov.in/gpsp/AuthNavigation/Login എന്ന പോർട്ടലിലൂടെ മാത്രമേ സ്വീകരിക്കൂ. പഴയ അപേക്ഷയുമായി മുന്നോട്ടുപോകാനോ പുതിയ ഓൺലൈൻ അപേക്ഷ നൽകാനോ അവസരം ലഭിക്കും. പഴയ അപേക്ഷയ്ക്ക് പേപ്പർ പാസ്‌പോർട്ടും പുതിയതിന് ഇ– -പാസ്‌പോർട്ടും ലഭിക്കും– ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് ശിവൻ പറഞ്ഞു.
പാസ്‌പോർട്ടിനായി ഐസിഎഒ മാനദണ്ഡം പാലിക്കുന്ന ബയോമെട്രിക് ഫോട്ടോ ആവശ്യമാണ്. വിരലടയാളം ഉൾപ്പെടുത്താനുള്ള പദ്ധതി നിലവിലില്ല. സേവനച്ചെലവിലും പാസ്‌പോർട്ട് ലഭിക്കുന്ന സമയത്തും മാറ്റമുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.










0 comments