ചരിത്രത്തിലേക്ക് മിഴിതുറന്ന് മസ്കത്തിൽ ദേശാഭിമാനി പവിലിയൻ

രാജീവ് മഹാദേവൻ
Published on Oct 24, 2025, 09:29 PM | 2 min read
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം സംഘടിപ്പിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലി(ഐസിഎഫ്)ൽ ഒരുക്കിയ ‘ദേശാഭിമാനി’ പവിലിയൻ ശ്രദ്ധേയമാകുന്നു. നിരവധി പേരാണ് ഇവിടെ സന്ദർശനത്തിന് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പവിലിയന്റെ ഉദ്‌ഘാടനം നിർവഹിച്ചു. മൂന്നു ദിവസങ്ങളിലായി മസ്കത്തിലെ അമരാത്ത് മുനിസിപ്പൽ പാർക്കിൽ നടക്കുന്ന ഫെസ്റ്റിവലിൽ മുഖാതിഥിയായി എത്തിയ മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രി സജി ചെറിയാനും ദേശാഭിമാനി പവിലിയൻ സന്ദർശിച്ചു.
മൂന്നടിയിലേറെ ഉയരമുള്ള പേനയാണ് പവലിയനിൽ ശ്രദ്ധേയമാകുന്നത്. അതോടൊപ്പം ഒരു മീറ്ററോളം വരുന്ന ദേശാഭിമാനിയുടെ ലോഗോയും തായ്യാറാക്കിയിട്ടുണ്ട്. ഒമാനിലെ അറിയപ്പെടുന്ന ചിത്ര-ശിൽപ കലാകാരനായ ഷിജീഷാണ് ഈ രൂപങ്ങൾ തെർമോക്കോളിൽ പണിതീർത്തെടുത്തത്. 'ഗൾഫ് ദേശാഭിമാനി' ജിസിസി തലത്തിൽ സംഘടിപ്പിച്ച ഓണം ചിത്രരചനാമത്സത്തിൽ ഒന്നാം സ്ഥാനം നേടിയത് ഷിജീഷായിരുന്നു. ഗൾഫ് ദേശാഭിമാനിയുടെ സ്ഥിരം ചിത്രകാരനായ ഷിജീഷിന്റെ ആശയമായിരുന്ന പവലിയൻ കമാനം, മറ്റു സ്റ്റാളുകളിൽ നിന്നും വേറിട്ട് നിൽക്കുന്നതായി സന്ദർശകർ പറഞ്ഞു.
പവലിയനിൽ സജ്ജമാക്കിയിട്ടുള്ള ഫോട്ടോ ബൂത്തും ആശയം കൊണ്ടും ആവിഷ്ക്കാരം കൊണ്ടും വ്യത്യസ്തത പുലർത്തുന്നു. ദേശാഭിമാനിയുടെ ചീഫ് എഡിറ്റർമാരും കേരള മുഖ്യമന്ത്രിമാരുമായിരുന്ന ഇഎംഎസ്, ഇ കെ നായനാർ, വി എസ് അച്യുതാനന്ദൻ എന്നിവരുടെ എഡിറ്റർ മേശയ്ക്ക് പിറകിൽ നിന്ന് കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന തരത്തിലാണ് ഫോട്ടോ ബൂത്ത് തയ്യാറാക്കിയിരിക്കുന്നത്. ‘ചീഫ് എഡിറ്റേഴ്സ് ഡെസ്ക്ക്' എന്ന നിലയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഫോട്ടോബൂത്തിൽ പ്രിയ സഖാക്കൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ സന്ദർശകർ തിരക്ക് കൂട്ടുന്ന കാഴ്ചയും അവിടെ കാണാം.
പലസ്തീൻ പതാക പ്രസിദ്ധീകരിച്ച 2025 ഒക്ടോബർ 12 ലെ ദേശാഭിമാനി വാരികയുടെ മുഖച്ചിത്രം, പലസ്തീൻ ചിത്രകാരി മലക് മാത്തർ വരച്ച ചിത്രം പ്രസിദ്ധീകരിച്ച 2023 നവംബർ 10 ലെ ചിന്ത വാരികയുടെ മുഖച്ചിത്രം, കർഷകത്തൊഴിലാളി മാസിക, ചിന്ത ഹോം ലൈബ്രറി, ഗൾഫ് ദേശാഭിമാനി വാരാന്ത്യം അറിയിപ്പുകൾ, യുവധാര, തത്തമ്മ എന്നീ പ്രസിദ്ധീകരണങ്ങളുടെ സവിശേഷ മുഖച്ചിത്രങ്ങൾ എന്നിവ വ്യത്യസ്ത വലുപ്പങ്ങളിൽ ആകർഷകമായ രീതിയിൽ സ്റ്റാളിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. ദേശാഭിമാനിയുടെ ചരിത്രവഴികളിലെ നാഴികക്കല്ലുകൾ പ്രദർശിപ്പിക്കുന്ന വിഭാഗം സ്റ്റാളിന്റെ കമാനത്തിന്റെ ഇരുവശങ്ങളിലുമായി സംവിധാനം ചെയ്‌തിട്ടുണ്ട്. കേരളത്തിൽനിന്ന് എത്തിച്ച ഏറ്റവും പുതിയ ദേശാഭിമാനി പത്രം, ചിന്ത വാരിക, യുവധാര തുടങ്ങിയവയും സ്റ്റാളിൽ ലഭ്യമാക്കിയിട്ടുണ്ട്.
ചിന്ത ഹോം ലൈബ്രറി അംഗത്വ ക്യാമ്പയിൻ, ദേശാഭിമാനി ചരിത്ര ക്വിസ്, നവകേരള ക്വിസ് എന്നിവയും പവലിയന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ബാലസംഘം കുട്ടികളുടെ നേതൃത്വത്തിൽ 'നിങ്ങൾക്കുമാകാം റിപ്പോർട്ടർ' എന്ന പേരിൽ 'ഐസിഎഫ്' വാർത്താ റിപ്പോർട്ടിംഗ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
ഐസിഎഫിന്റെ ഭാഗമായി ദേശാഭിമാനി പ്രസിദ്ധീകരിച്ച വിശേഷാൽ പതിപ്പ്, ഐസിഎഫ് ഉദ്‌ഘാടന വേളയിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഗൾഫ് ദേശാഭിമാനി വാരാന്ത്യത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒമാനിൽ നിന്നുള്ള സൃഷ്ടികൾ കോർത്തിണക്കി തയ്യാറാക്കിയ പ്രത്യേക പതിപ്പ് ‘ഒമാനീയ'വും വേറിട്ടതാകുന്നു.










0 comments