ad
Deshabhimani

പ്രവാസി വോട്ടർമാർക്ക് സഹായവുമായി ഐ സി എഫ് ഒമാൻ: 51 കേന്ദ്രങ്ങളിൽ എസ്‌ഐആർ ഹെൽപ്പ് ഡെസ്‌കുകൾ

sir
വെബ് ഡെസ്ക്

Published on Dec 13, 2025, 02:47 PM | 2 min read

​മസ്‌കത്ത്: വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസികൾക്ക് ലിസ്റ്റിൽ പേര് ചേർക്കാൻ സഹായിക്കുന്നതിനായി ഐസിഎഫ് (ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ) ഒമാൻ നാഷണൽ കമ്മിറ്റി ഒമാനിലുടനീളം 51 കേന്ദ്രങ്ങളിൽ എസ്‌ ഐ ആർ (സ്‌പെഷ്യൽ ഇന്റൻസീവ് രെജിസ്ട്രേഷൻ) ഹെൽപ്പ് ഡെസ്‌കുകൾ തുറക്കുന്നു. തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കുന്ന വോട്ടർ പട്ടികയിൽ പ്രവാസികളുടെ പ്രാതിനിധ്യം ഉറപ്പാക്കുക, വോട്ടവകാശം വിനിയോഗിക്കാൻ അവരെ സജ്ജരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിപുലമായ സംവിധാനം ഒരുക്കിയിരിക്കുന്നത്.


കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ 2025ൽ പുറത്തിറക്കിയ വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തവരെ പേര് ചേർക്കുന്നതിന് സഹായിക്കുക, പ്രവാസികൾക്ക് മാർഗനിർദ്ദേശം നൽകുക എന്നതാണ് ഹെൽപ്പ് ഡെസ്‌ക്കുകളുടെ പ്രധാന ദൗത്യം. പ്രവാസികൾക്കുള്ള വോട്ടവകാശം സാധ്യമാക്കുന്ന ഫോം സിക്സ് എ വഴിയാണ് പ്രവാസികളുടെ വോട്ട് ചേർക്കുക. പാസ്പോർട്ട് കോപ്പി, ഫോട്ടോ തുടങ്ങി​ ആവശ്യമായ രേഖകളുമായി ഹെൽപ്പ് ഡെസ്കുകളെ സമീപിച്ചാൽ തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കുന്ന പ്രവർത്തനമാണ് ഐസിഎഫ് ഹെൽപ്പ് ഡെസ്ക്കുകൾ ചെയ്യുന്നത്.


ഹെൽപ്പ് ഡെസ്ക് കൈകാര്യം ചെയ്യുന്നവർക്ക് ട്രെയിനിങ് നൽകിയും കമ്പ്യൂട്ടർ വൈഫൈ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയും ഐസിഎഫിന്റെ ഹെൽപ്പ് ഡെസ്ക്കുകൾ ഡിസംബർ 13 മുതൽ പ്രവർത്തനക്ഷമമാകും. ​സലാല, കസബ്, ബുറൈമി, ഉൾപ്പെടെ ​ഒമാന്റെ വിവിധ വിലായത്തുകളിൽ ഹെൽപ് ഡെസ്‌ക്കുകൾ പ്രവർത്തിക്കും. പ്രവാസികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന മദ്രസകൾ, ഓഫീസുകൾ, മറ്റ് പൊതുയിടങ്ങൾ എന്നിവിടങ്ങളിലയാണ് ഈ ഡെസ്‌ക്കുകൾ സജ്ജമാക്കിയിട്ടുള്ളത്.


​പ്രവാസി സമൂഹത്തിൻ്റെ ജനാധിപത്യ അവകാശങ്ങൾ ഉപയോഗപ്പെടുത്താനുള്ള അവസരം ഒരുക്കുന്നതിൽ ഈ നടപടി നിർണ്ണായകമാവുമെന്നും, പ്രവാസി സമൂഹത്തിന്റെ ആശങ്കകൾ അകറ്റാൻ ഇത് സഹായിക്കുമെന്നും ഐ സി എഫ് ഭാരവാഹികൾ അറിയിച്ചു. ​കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കും അതത് പ്രദേശങ്ങളിലെ ഐ സി എഫ് യൂണിറ്റുകളുമായോ, എസ്‌ ഐ ആർ ഹെൽപ്പ് ഡെസ്‌ക് കോർഡിനേറ്റർമാരുമായോ ബന്ധപ്പെടാവുന്നതാണ്. ഹെൽപ്പ് ഡസ്കുകളുടെ വിവരങ്ങൾ 75025350 എന്ന വാട്സപ്പ് നമ്പറിൽ ലഭ്യമാക്കുമെന്നും ഐസിഎഫ് അറിയിച്ചു


വാർത്താസമ്മേളനത്തിൽ ഐ സി എഫ് ഒമാൻ നാഷണൽ പ്രസിഡന്റ് മുസ്തഫ കാമിൽ സഖാഫി, ജനറൽ സെക്രട്ടറി എഞ്ചിനീയർ അബ്ദുൽ ഹമീദ്, ഓർഗനൈസേഷൻ സെക്രട്ടറി നിഷാദ് ഗുബ്ര, വെൽഫയർ ആൻഡ് സർവീസ് സെക്രട്ടറി റഫീക്ക് ധർമ്മടം, മോറൽ എജുക്കേഷൻ സെക്രട്ടറി ബഷീർ പെരിയ, പബ്ലിക്കേഷൻ സെക്രട്ടറി നിയാസ് കെ അബു, വുമൺ എംപവർമെന്റ് സെക്രട്ടറി അഫ്സൽ എറിയാട് തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home