ad
Deshabhimani

ഹത്ത സുസ്ഥിര വെള്ളച്ചാട്ട പദ്ധതിയിൽ 14 പുതിയ നിക്ഷേപം

hattas waterfalls
avatar
ദിലീപ്‌ സി എൻ എൻ

Published on Aug 18, 2025, 01:23 PM | 1 min read

ദുബായ് : ഹത്ത സുസ്ഥിര വെള്ളച്ചാട്ട പദ്ധതിയിൽ 14 പുതിയ നിക്ഷേപ–വാണിജ്യ അവസരങ്ങൾ വരുന്നു. ഹത്ത വികസനത്തിനായുള്ള സുപ്രീം കമ്മിറ്റി, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണിത്‌.‍

ദുബായ് മുനിസിപ്പാലിറ്റി വഴിയാണ് അവസരങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രാദേശിക പൗരന്മാരെ ശാക്തീകരിക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സുസ്ഥിര സാമ്പത്തിക–സാമൂഹിക വികസനം മുന്നോട്ടുകൊണ്ടുപോകൽ എന്നിവയാണ് ലക്ഷ്യം. ഹത്തയിൽ താമസിക്കുന്ന എമിറാത്തികൾക്ക് റീട്ടെയിൽ സ്ഥലങ്ങൾ ഒരു വർഷത്തേക്ക് സൗജന്യമായി അനുവദിക്കും. ചെറുകിട ബിസിനസുകൾക്കും ഉൽപാദന കുടുംബങ്ങൾക്കും വളരാൻ അവസരം നൽകും.


ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനും ഹത്ത വികസന മാസ്റ്റർ പ്ലാനും ദുബായ് സോഷ്യൽ അജണ്ട 33 ഉം ഇക്കണോമിക് അജണ്ട ഡി33 ഉം പിന്തുണയ്ക്കുന്ന പദ്ധതിയാണ് ഇത്. ടൂറിസം, സമഗ്ര സാമ്പത്തിക പുരോഗതി, പരിസ്ഥിതി സുസ്ഥിരത എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.


750 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പുതിയ ഇടങ്ങളിൽ നാല് റെസ്റ്റോറന്റുകൾ, നാല് റീട്ടെയിൽ സ്റ്റോറുകൾ, ആറ് ഭക്ഷണ–പാനീയ കിയോസ്കുകൾ ഉൾപ്പെടും. അറബിക്, എമിറാത്തി, പാശ്ചാത്യ വിഭവങ്ങൾ, പ്രാദേശിക കഫേകൾ, ഉപകരണ വാടക, സുവനീർ–ഗിഫ്റ്റ് ഷോപ്പുകൾ തുടങ്ങി വൈവിധ്യമാർന്ന അനുഭവങ്ങൾ ഒരുക്കും.


ഹത്ത ഡാം പ്രദേശത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള നിക്ഷേപ അവസരങ്ങൾ ഒരുക്കുന്നതെന്ന്‌ ദുബായ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് ഫെസിലിറ്റീസ് ഏജൻസി സിഇഒ ബദർ അൻവാഹി പറഞ്ഞു. പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനും എമിറാത്തി സംരംഭകരെ വളർത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇ‍ൗ പദ്ധതിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


അപേക്ഷകൾ www.dm.gov.ae/business എന്ന വെബ്‌സൈറ്റിൽ സമർപ്പിക്കാം. മൂല്യനിർണയ സമിതി നിശ്ചയിച്ച മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും തിരഞ്ഞെടുപ്പ്.


ലോകത്തിലെ ഏറ്റവും വലിയ മൊസൈക്ക് ചുവരചിത്രവുമായി ഹത്ത സുസ്ഥിര വെള്ളച്ചാട്ടം ഇന്ന് പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറിയിട്ടുണ്ട്. ഹത്ത ജലവൈദ്യുത നിലയത്തിലെ അണക്കെട്ടിൽനിന്നുള്ള വെള്ളച്ചാട്ടം ഷെയ്ഖ് സായിദ് ബിൻ സുൽത്താനും ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമും ചിത്രീകരിക്കുന്ന 2,199 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള കലാസൃഷ്ടിയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home