ഭാവിയിൽ ഗൾഫ് മേഖലയിൽ വൈദ്യുതി ആവശ്യം വർധിക്കും: യുഎഇ മന്ത്രി

ദുബായ് : ഭാവിയിൽ ഗൾഫ് മേഖലയിൽ വൈദ്യുതിയുടെ ആവശ്യം ഗണ്യമായി വർധിക്കുമെന്ന് യുഎഇ ഊർജ– അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ അൽ മസ്റൂയി. വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നേരിടാൻ ഊർജ സംപ്രേഷണത്തിലെ നഷ്ടം കുറയ്ക്കുന്നതിനും ശുദ്ധമായ ഊർജസ്രോതസുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനും കൂടുതൽ ശ്രദ്ധ നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച ദുബായിൽ ആരംഭിച്ച മിഡിൽ ഈസ്റ്റ് എനർജി പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അൽ മസ്റൂയി. കഴിഞ്ഞ ഒരു ദശകത്തിൽ കൈവരിച്ച ഊർജകാര്യക്ഷമതയുടെ നിലവാരം മാത്രം ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ മതിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൾഫ് മേഖലയിൽ പ്രത്യേകിച്ച് പുനരുപയോഗ ഊർജവും സൗരോർജവും ഉൾപ്പെടെയുള്ള ശുദ്ധമായ ഊർജസ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കേണ്ടതുണ്ട്. ഊർജോൽപ്പാദനം മുതൽ വിതരണം വരെയുള്ള മുഴുവൻ സംവിധാനത്തിന്റെയും കാര്യക്ഷമതയും പ്രതിരോധശേഷിയും ശക്തിപ്പെടുത്തേണ്ടത് നിലവിലെ പ്രാദേശിക സാഹചര്യത്തിൽ ഏറെ പ്രധാനമാണ്.
2030–31 കാലയളവിൽ രാജ്യത്തിന്റെ മൊത്തം ഊർജത്തിന്റെ 35 ശതമാനം ശുദ്ധമായ ഊർജസ്രോതസുകളിൽനിന്ന് ലഭ്യമാക്കുന്നതിനായി ലക്ഷ്യങ്ങൾ പരിഷ-്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു. സൗരോർജ ഉൽപ്പാദനത്തിൽ യുഎഇക്ക് വലിയ സാധ്യതകളാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ഒറ്റസൈറ്റിലുള്ള സൗരോർജ നിലയമായ അൽ ദഫ്ര സോളാർ പിവി പ്ലാന്റ് യുഎഇയിലാണ്. അഞ്ച് ഗിഗാവാട്ട് സൗരോർജ ഉൽപ്പാദനശേഷിയുള്ള പദ്ധതിക്ക് 19.5 ഗിഗാവാട്ട് ശേഷിയുള്ള ബാറ്ററി സംവിധാനത്തിന്റെ പിന്തുണയുമുണ്ട്. പകലും രാത്രിയും തുടർച്ചയായി സൗരോർജ വൈദ്യുതി ലഭ്യമാക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.









0 comments