ad
Deshabhimani

ഒരുമയുടെ ക്രിസ്‌മസ്‌ ആഘോഷിച്ച്‌ ഗൾഫ്‌

xmas kuwait
വെബ് ഡെസ്ക്

Published on Dec 25, 2025, 03:44 PM | 2 min read

സലാല/ കുവൈത്ത് സിറ്റി : ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി, തിരുപ്പിറവിയുടെ ഓർമകളുമായി ലോകം ക്രിസ്‌മസ്‌ ആഘോഷിച്ചു. പള്ളികളിലും വീടുകളിലും പുൽക്കൂടുകളും നക്ഷത്ര അലങ്കാരങ്ങളും മിഴിവേകി. കേക്ക്‌ മുറിക്കലും കാരളും നടന്നു. വിവിധ ഗൾഫ് രാജ്യങ്ങളിൽ ദേവാലയങ്ങളുടെയും കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ആഘോഷങ്ങൾ നടന്നു. ഉണ്ണിയേശുവിന്റെ തിരുപ്പിറവി സ്‌മരണ പുതുക്കി ദേവാലയങ്ങളിൽ പാതിരാ കുർബാന നടന്നു.

സലാലയിൽ ദാരിസിലെ ക്രിസ്‌ത്യൻ സെന്ററിലുള്ള വിവിധ ദേവാലയങ്ങളിൽ ആഘോഷങ്ങൾ നടന്നു. സലാല സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ്‌ ദേവാലയത്തിൽ നടന്ന ചടങ്ങുകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇടവക വികാരി ഫാ. പി ഒ മത്തായി ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സലാല സെന്റ്‌ ഫ്രാൻസിസ് സേവിയർ കാത്തലിക് ചർച്ചിൽ വികാരി ഫാ. ജോൺസൻ തിരുപ്പിറവി ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. കേക്ക് വിതരണവും നടന്നു. സെന്റ്‌ പോൾ സിഎസ്‌ഐ ചർച്ചിൽ റവ. ഫിലിപ്പ് ജോൺ ആഘോഷത്തിന്‌ നേതൃത്വം നൽകി. സെന്റ്‌ ജോൺ യാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്‌സ്‌ ചർച്ചിൽ വികാരി ഫാ. സിനു ചാക്കോ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. മാർത്തോമ ചർച്ചിൽ ഇടവക വികാരി റവ. ഈപ്പൻ ചെറിയാന്റെ നേതൃത്വത്തിൽ ചടങ്ങുകൾ നടന്നു.

xmas salalah


കുവൈത്തിലെ വിവിധ ഭാഗങ്ങളിലെ ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും ആഘോഷങ്ങളും നടന്നു. കുവൈത്ത് സിറ്റിയിലെ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന ശുശ്രൂഷകൾക്ക് പാസ്റ്ററും കുവൈത്തി പൗരനുമായ റവ. ഇമ്മാനുവൽ ഗാരിബ് നേതൃത്വം നൽകി. വിവിധ വിശ്വാസവിഭാഗങ്ങൾ പരസ്‌പര ബഹുമാനത്തോടെയും സഹവർത്തിത്വത്തോടെയും ജീവിക്കുന്ന രാജ്യമെന്ന നിലയിൽ കുവൈത്തിന്റെ സവിശേഷത അദ്ദേഹം ക്രിസ്‌മസ് സന്ദേശത്തിൽ വ്യക്തമാക്കി. ലോകമെമ്പാടും സമാധാനവും നന്മയും അനുഗ്രഹങ്ങളും നിറഞ്ഞ ക്രിസ്‌മസാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

അബ്ബാസിയ, സാൽമിയ, അഹമ്മദി തുടങ്ങിയ പ്രദേശങ്ങളിലെ ദേവാലയങ്ങളിലും ആഘോഷങ്ങൾ നടന്നു. കത്തോലിക്ക, ഓർത്തഡോക്‌സ്‌, യാക്കോബായ, മാർത്തോമ, സിഎസ്ഐ തുടങ്ങിയ വിവിധ ക്രിസ്‌ത്യൻ സഭകളുടെ നേതൃത്വത്തിൽ പാതിരാ ആരാധനകളും പ്രത്യേക പ്രാർഥനകളും സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ കുടുംബങ്ങളോടൊപ്പം ചടങ്ങുകളിൽ പങ്കെടുത്തു.


ആശംസയുമായി യുഎഇ ഭരണാധികാരികൾ

ദുബായ് : ക്രിസ്‌മസ് ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേർന്ന്‌ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഈ ദിവസം നിങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ജീവിതത്തിൽ സമാധാനവും സന്തോഷവും സൗഹാർദവും നിറയ്ക്കട്ടെയെന്ന്‌ യുഎഇ പ്രസിഡന്റ് എക്‌സ് കുറിപ്പിൽ ആശംസിച്ചു.

സമാധാനം, സഹോദര്യം, മാനവ സഹവർത്തിത്വം എന്നീ മൂല്യങ്ങൾ കൂടുതൽ ശക്തിപ്പെടുന്ന ദിനമാകട്ടെയെന്ന്‌ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശംസിച്ചു.


മതസഹിഷ്ണുതയും സഹവർത്തിത്വവും കുവൈത്തിന്റെ മുഖമുദ്ര; ക്രിസ്തുമസ് സന്ദേശവുമായി റവ. ഇമ്മാനുവൽ ഗാരിബ്


കുവൈത്ത് സിറ്റി: മതസഹിഷ്ണുതയുടെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും നാടാണ് കുവൈത്ത് എന്ന് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിന്റെ പാസ്റ്റർ റവ. ഇമ്മാനുവൽ ഗാരിബ് അഭിപ്രായപ്പെട്ടു. ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് കുവൈത്തിലെ പൗരന്മാർക്കും താമസക്കാർക്കും ഭരണനേതൃത്വത്തിനും അയച്ച ആശംസാസന്ദേശത്തിലാണ് നിലപാട് വ്യക്തമാക്കിയത്.


ലോകമെമ്പാടും സമാധാനവും നന്മയും ദൈവാനുഗ്രഹങ്ങളും നിറഞ്ഞതാകട്ടെ ഈ ക്രിസ്തുമസ് ആഘോഷമെന്ന് ആശംസിച്ച അദ്ദേഹം, വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനവും ഐക്യവുമാണ് കുവൈത്ത് സമൂഹത്തിന്റെ ശക്തിയെന്ന് ചൂണ്ടിക്കാട്ടി. മതവൈവിധ്യങ്ങളെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് രാജ്യത്തെ സാമൂഹിക സ്ഥിരതയുടെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.


കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബിർ അൽ-സബാഹ് അധികാരമേറ്റെടുത്തതിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്, അദ്ദേഹത്തിന്റെ വിജയത്തിനും രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും റവ. ഗാരിബ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home