യുഎൻ കുറ്റകൃത്യ പ്രതിരോധ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

ദുബായ് : ഐക്യരാഷ്ട്ര സംഘടനയുടെ കുറ്റകൃത്യ പ്രതിരോധ, ക്രിമിനൽ നീതി കോൺഗ്രസിന് അബുദാബിയിൽ തുടക്കം. 15–-ാം പതിപ്പിൽ 110ൽ അധികം രാജ്യത്തുനിന്നുള്ള 5100ൽ അധികം സർക്കാർ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 71 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമാണിതെന്ന് സംഘാടകർ അറിയിച്ചു.
കോൺഗ്രസിന്റെ അധ്യക്ഷനായി യുഎഇ നീതിന്യായ മന്ത്രി അബ-്‌ദുള്ള സുൽത്താൻ ബിൻ അവാദ് അൽ നുഐമിയെ തെരഞ്ഞെടുത്തു. നിർമിതബുദ്ധിയുടെയും മറ്റ് സംവിധാനങ്ങളുടെയും സഹായത്തോടെ അതിർത്തികൾ കടന്ന് സങ്കീർണവും വലിയ പ്രത്യാഘാതമുണ്ടാക്കുന്നതുമായ കുറ്റകൃത്യങ്ങൾ നടത്താൻ കഴിയുന്ന പുതിയ രീതികൾ ഉയർന്നുവരുന്നതായി അദ്ദേഹം മുന്നറിയിപ്പ് നൽകി. സൈബർ കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകൽ എന്നിവയാണ് അന്താരാഷ്‌ട്ര സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികൾ. സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇരകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും കുറ്റവാളികളുടെ പുനരധിവാസത്തിനും പുനഃസംയോജനത്തിനും പ്രാധാന്യം നൽകണം. അഞ്ച് വർഷത്തേക്കുള്ള കൂട്ടായ പ്രവർത്തനത്തിന് അബുദാബി പ്രഖ്യാപനം തന്ത്രപരമായ ചട്ടക്കൂടായി സ്വീകരിക്കണം. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾക്ക് വഴിയൊരുക്കുന്ന നിയമപരമായ വിടവുകൾ നികത്തണമെന്നും അൽ നുഐമി ആവശ്യപ്പെട്ടു.
സമ്മേളനത്തിന് മുന്നോടിയായി അംഗരാജ്യങ്ങൾ 40ൽ അധികം പ്രതിജ്ഞ സമർപ്പിച്ചതായി ഐക്യരാഷ്ട്ര സംഘടനയുടെ മയക്കുമരുന്ന് കുറ്റകൃത്യ കാര്യാലയത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും കോൺഗ്രസ് സെക്രട്ടറി ജനറലുമായ മോണിക്ക ജുമ അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ യുഎൻ കൺവൻഷനിൽ ഒപ്പുവയ-്‌ക്കാനും അംഗീകരിക്കാനും രാജ്യങ്ങൾ വേഗത്തിൽ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.









0 comments