Deshabhimani

ദുബായ്– അബുദാബി അതിവേഗ റെയിൽ; യാത്ര 30 മിനിറ്റാകും

etihad rail
വെബ് ഡെസ്ക്

Published on Sep 22, 2026, 06:23 PM | 1 min read

ദുബായ് : യുഎഇയിലെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളായ ദുബായെയും അബുദാബിയെയും ബന്ധിപ്പിക്കുന്ന പുതിയ അതിവേഗ റെയിൽ യാത്രാസമയം ഏകദേശം 30 മിനിറ്റായി കുറയ്ക്കുമെന്ന്‌ റിപ്പോർട്ട്‌. മണിക്കൂറിൽ പരമാവധി 350 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പൂർണമായും വൈദ്യുതീകരിച്ച റെയിൽ ശൃംഖലയാണ് ഒരുക്കുന്നത്. ​ദേശീയ റെയിൽ സർവീസിൽനിന്ന് വ്യത്യസ്തമായി പ്രത്യേക അതിവേഗ പാതയിലായിരിക്കും സർവീസ്. ഇത്തിഹാദ് റെയിൽ ശൃംഖലയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. അതിവേഗ റെയിലിനായി ദുബായിൽ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലും അൽ ജദ്ദാഫിലും സ്റ്റേഷനുകൾ ഒരുക്കുമെന്നും റിപ്പോർട്ടിലുണ്ട്‌.


2032ലെ ദുബായ് റെയിൽ ശൃംഖലാ ഭൂപടം പ്രകാരം അതിവേഗ റെയിൽ പാത പ്രധാനമായും അൽ ഖൈൽ റോഡിന് സമാന്തരമായാണ് കടന്നുപോകുന്നത്. ദുബായ് മെട്രോയുടെ ചുവപ്പ്‌ ലൈനുമായും റെയിൽ ശൃംഖലയ്‌ക്ക്‌ ബന്ധമുണ്ടാകും. വർഷം 2.1 കോടി യാത്രക്കാരെവരെ കൈകാര്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ദുബായ്– അബുദാബി യാത്രാസമയം കുറയുന്നതോടെ ഇരു എമിറേറ്റുകളിലെയും തൊഴിൽ വിപണികളിലേക്കുള്ള പ്രവേശനം വർധിക്കുകയും വ്യാപാര മേഖലകൾ തമ്മിലുള്ള ബന്ധം ശക്തമാകുകയും ചെയ്യും. വിനോദസഞ്ചാര, ഹോട്ടൽ മേഖലകൾക്കും വിമാനത്താവളങ്ങളിൽനിന്നുള്ള നഗരയാത്രയ്ക്കും പദ്ധതി കൂടുതൽ സൗകര്യമൊരുക്കും.


അടുത്ത 50 വർഷത്തിനിടെ അതിവേഗ റെയിൽ പദ്ധതി യുഎഇയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് 1450 കോടി ദിർഹംവരെ സംഭാവന ചെയ്യുമെന്നാണ് കണക്കാക്കുന്നത്. വൈദ്യുതീകരിച്ച ശൃംഖല ഉയർന്ന വേഗതയ-്‌ക്കൊപ്പം പ്രവർത്തനച്ചെലവും മലിനീകരണവും കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home