എമിറേറ്റ്സ് റോഡ് വികസനം; ഷാർജ– ദുബായ് യാത്ര സുഗമമാകും

ദുബായ് : ഷാർജയിൽനിന്ന് ദുബായിലേക്കുള്ള യാത്ര സുഗമമാക്കാൻ എമിറേറ്റ്സ് റോഡിൽ അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള വികസന പദ്ധതി. ദുബായ് ആർടിഎ നടപ്പാക്കുന്ന വികസന പദ്ധതി ഞായറാഴ്ച ഗതാഗതത്തിനായി തുറക്കും. ഷാർജയിൽനിന്ന് വാദി അൽ അമർദിയിലേക്കുള്ള ഭാഗത്താണ് രണ്ട് പുതിയ പാതകൾ കൂടി നിർമിച്ചത്. ഇതോടെ നിലവിലെ ആറ് പാതകളുള്ള റോഡ് എട്ട് പാതകളായി മാറും. റോഡിന്റെ ഗതാഗത ശേഷി മണിക്കൂറിൽ 12,000 വാഹനങ്ങളിൽനിന്ന് 16,000 വാഹനങ്ങളായി ഉയരും. തിരക്കേറിയ സമയങ്ങളിൽ യാത്രാസമയം 25 ശതമാനം വരെ കുറയ-്‌ക്കാനാകുമെന്നാണ് പ്രതീക്ഷ.
ദുബായ്, ഷാർജ, വടക്കൻ എമിറേറ്റുകൾ എന്നിവ തമ്മിലുള്ള ഗതാഗത ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും റോഡുകളിലെ തിരക്ക് കുറയ-്‌ക്കുന്നതിനുമുള്ള ആർടിഎയുടെ വിപുലമായ പദ്ധതികളുടെ ഭാഗമായാണ് വികസനം. ദുബായിലെ പ്രധാന ഗതാഗത ഇടനാഴികളിലൊന്നായ എമിറേറ്റ്സ് റോഡിലൂടെ പ്രതിദിനം ഇരുദിശകളിലുമായി 2.4 ലക്ഷത്തിലധികം വാഹനങ്ങളാണ് കടന്നുപോകുന്നത്. ദുബായിലെ പ്രധാന റോഡുകളെയും താമസമേഖലകളെയും വ്യവസായ, ലോജിസ്റ്റിക-്‌സ് മേഖലകളെയും വടക്കൻ എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാത കൂടിയാണിത്. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം സുരക്ഷിതവും സുഗമവും സുസ്ഥിരവുമായ യാത്ര ഉറപ്പാക്കാനും പദ്ധതി സഹായിക്കുമെന്ന് ആർടിഎ വ്യക്തമാക്കി.









0 comments