വിമാന സർവീസുകൾ പുനരാരംഭിച്ചു; യാത്രക്കാർ എത്തണമെന്ന് എമിറേറ്റ്സ്

ദുബായ്: വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതിന് പിന്നാലെ എമിറേറ്റ്സ് എയർലൈൻ ശനിയാഴ്ച വൈകുന്നേരത്തോടെ ദുബായ് സർവീസുകൾ വീണ്ടും പുനരാരംഭിച്ചു. ദുബായ് അന്താരാഷ്ട്ര വിമാന താവളത്തിലേക്കും അവിടെനിന്ന് പുറപ്പെടുന്ന വിമാനങ്ങളുമാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചതെന്ന് എയർലൈൻ അറിയിച്ചു.
വിമാനങ്ങളിൽ ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് എത്തണമെന്ന് കമ്പനി അറിയിച്ചു. ദുബായിലൂടെ ട്രാൻസിറ്റ് ചെയ്യുന്ന യാത്രക്കാർക്കും അവരുടെ അടുത്ത കണക്ഷൻ സർവീസ് പ്രവർത്തിക്കുന്നുണ്ടെങ്കിൽ യാത്ര തുടരാമെന്നും വ്യക്തമാക്കി.
യാത്രക്കാർ യാത്രതിരിക്കുന്നതിന് മുമ്പ് ഏറ്റവും പുതിയ വിമാന സമയപ്പട്ടിക പരിശോധിച്ച് സർവീസ് പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് എയർലൈൻ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ കമ്പനി തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആവശ്യമായാൽ സർവീസ് ഷെഡ്യൂളിൽ മാറ്റം വരുത്തുമെന്നും അധികൃതർ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാന പരിഗണനയെന്നും എമിറേറ്റ്സ് വ്യക്തമാക്കി.
ഫെബ്രുവരി 28 മുതൽ മാർച്ച് 31 വരെ ബുക്ക് ചെയ്ത യാത്രക്കാർക്ക് യാത്ര പുനഃക്രമീകരിക്കാനുള്ള അവസരവും നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഏപ്രിൽ 30-നകം മറ്റൊരു വിമാനത്തിലേക്ക് ബുക്ക് മാറ്റാം. എമിറേറ്റ്സ് വഴിയോ ട്രാവൽ ഏജന്റുകളിലൂടെയോ ബുക്ക് ചെയ്തവർ ബന്ധപ്പെട്ട് നടപടി സ്വീകരിക്കണം.
റീഫണ്ട് ആവശ്യപ്പെടുന്നവർ എമിറേറ്റ്സ് വെബ്സൈറ്റിലെ ഫോം പൂരിപ്പിക്കുകയോ ട്രാവൽ ഏജന്റുമായി ബന്ധപ്പെടുകയോ ചെയ്യാം. യാത്ര സംബന്ധിച്ച പുതുക്കലുകൾ ലഭിക്കാൻ ‘മാനേജ് യോർ ബുക്കിംഗ്’ വഴി കോൺടാക്റ്റ് വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കണമെന്നും കമ്പനി അറിയിച്ചു.
ഇതിനിടെ ദുബായിലെ എല്ലാ സിറ്റി ചെക്ക്-ഇൻ കേന്ദ്രങ്ങളും അടുത്ത അറിയിപ്പ് വരെ താൽക്കാലികമായി അടച്ചിരിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു.










0 comments