Deshabhimani

പ്രധാന റോഡുകളിൽ ട്രക്കിന്‌ നിയന്ത്രണം

rta dubai
വെബ് ഡെസ്ക്

Published on Sep 28, 2026, 08:39 AM | 1 min read

ദുബായ് : ദുബായിലെ പ്രധാന റോഡുകളിൽ ട്രക്കുകളുടെ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ദുബായ്‌ ആർടിഎ. ഗതാഗത ഇടനാഴി, പ്രദേശം, തിരക്കിന്റെ തോത് എന്നിവ പരിഗണിച്ചുള്ള നിയന്ത്രണം ഒക്‌ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന്‌ ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. എമിറേറ്റ്സ് റോഡിനെ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.


അൽ ഖുദ്റ സ്ട്രീറ്റ്, അൽ മെയ്ദാൻ സ്ട്രീറ്റ്, എല്ലാ ക്രോസിങ്ങുകളും എയർപോർട്ട് ടണലും ഉൾപ്പെടെയുള്ള റോഡുകളിൽ മുഴുവൻ സമയ ട്രക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തും. ഷെയ്‌ഖ് സായിദ് റോഡ്, ബെയ്റൂട്ട് സ്ട്രീറ്റ് എന്നിവിടങ്ങളിലും അൽ മിസ്ഹർ, മുഹൈസിന, ഔദ് അൽ മുത്തീന തുടങ്ങിയ താമസമേഖലകളിലും രാവിലെ ആറുമുതൽ രാത്രി 10 വരെ ട്രക്കുകൾക്ക് പ്രവേശനമുണ്ടാകില്ല.


എയർപോർട്ട് സ്ട്രീറ്റ്, ഒമാൻ സ്ട്രീറ്റ്, ദമാസ-്‌കസ് സ്ട്രീറ്റ് ഉൾപ്പെടെയുള്ള നഗരറോഡുകളിൽ ദിവസവും മൂന്ന് തിരക്കേറിയ സമയങ്ങളിലായിരിക്കും നിയന്ത്രണം. രാവിലെ 6.30 മുതൽ 8.30 വരെയും പകൽ ഒന്നുമുതൽ മൂന്നുവരെയും വൈകിട്ട് 5.30 മുതൽ രാത്രി എട്ടുവരെയുമാണ് നിയന്ത്രണം. ഗതാഗതം സുഗമമാക്കാനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുമാണ് നടപടി. അത്യാവശ്യ സാഹചര്യങ്ങളിൽ ആർടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അനുമതി നേടി നിയന്ത്രണത്തിൽനിന്ന് ഒഴിവാകാം.


ട്രക്ക് ഡ്രൈവർമാർക്കായി ആറ് കേന്ദ്രങ്ങളിലായി 16 വിശ്രമകേന്ദ്രങ്ങളിൽ 14 എണ്ണത്തിന്റെ നിർമാണം പൂർത്തിയാക്കിയതായും ആർടിഎ അറിയിച്ചു. ഏഴ് കേന്ദ്രങ്ങളിലെ ശേഷി 50 ശതമാനം വർധിപ്പിച്ച് ആകെ 1007 ട്രക്ക് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. മാസം 1.5 ലക്ഷത്തിലധികം ട്രക്കുകൾ ഈ വിശ്രമകേന്ദ്രങ്ങൾ ഉപയോഗിക്കുന്നുണ്ട്. ദുബായിൽ ദിവസം ഏകദേശം നാലുലക്ഷം ട്രക്ക് യാത്രകളാണ് നടക്കുന്നത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home