ദുബായ് സ്വകാര്യ സ്‌കൂളിൽ വിദ്യാർഥികൾ കൂടുന്നു

ദുബായ്: ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ഇൗ അധ്യയന വർഷത്തിൽ വിദ്യാർഥികളുടെ എണ്ണത്തിൽ 4.6 ശതമാനം വർധന. 4,06,563 വിദ്യാർഥികളാണ് സ്വകാര്യ സ്കൂളുകളിൽ പ്രവേശനം നേടിയത്. കെഎച്ച്ഡിഎ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ രണ്ട് അധ്യയന വർഷത്തിലായി ദുബായിൽ 51 പുതിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.
ഇതിൽ 26 സ്ഥാപനം ഈ അധ്യയന വർഷമാണ് തുറന്നത്. 17 ശൈശവകാല വിദ്യാഭ്യാസ കേന്ദ്രം, ഏഴ് സ്കൂൾ, രണ്ട് അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനം എന്നിവയാണ് പുതുതായി ആരംഭിച്ചത്. ഏഴ് സ്‌കൂളിലായി 17,000ത്തോളം വിദ്യാർഥികൾ പ്രവേശനം നേടി. ശൈശവകാല വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ 1700ൽ അധികം പുതിയ സീറ്റും ഒരുക്കി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 11 ഉന്നത വിദ്യാഭ്യാസ സ്ഥാപനംകൂടി ദുബായിൽ പ്രവർത്തനം ആരംഭിച്ചു. ഈ മേഖലയിലെ വിദ്യാർഥികളുടെ എണ്ണത്തിൽ 29 ശതമാനം വർധനയുണ്ടായി.
അതേസമയം, എമിറാത്തി വിദ്യാർഥികൾ കൂടുതലുള്ള സ്കൂളുകളുടെ നിലവാരം ഉയർത്താനാണ് 2026–27 അധ്യയന വർഷത്തിൽ മുൻഗണന നൽകുന്നതെന്ന് കെഎച്ച്ഡിഎ ഡയറക്ടർ ജനറൽ ആയിഷ മിറാൻ പറഞ്ഞു. ഇത്തരം പത്ത് സ്കൂളുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനായി കഴിഞ്ഞ മൂന്ന് വർഷമായി അതോറിറ്റി പിന്തുണ നൽകിവരുന്നുണ്ട്. അടുത്ത രണ്ട് അധ്യയന വർഷങ്ങളിൽ 18,000 പുതിയ സീറ്റ് ഒരുക്കുമെന്നും ആയിഷ മിറാൻ അറിയിച്ചു.








0 comments