റോഡ് സുരക്ഷ മെച്ചപ്പെടുത്തൽ; വിഷൻ 2040 പ്രഖ്യാപിച്ച് ദുബായ് പൊലീസ്

ദുബായ് : റോഡ് സുരക്ഷ ശക്തമാക്കാനും ഭാവിയിലെ ഗതാഗത വെല്ലുവിളി നേരിടാനുമായി ‘വിഷൻ 2040’ പദ്ധതി പ്രഖ്യാപിച്ച് ദുബായ് പൊലീസ്. ദുബായ് 2040 നഗര വികസന പദ്ധതിയുമായി യോജിച്ചാണ് പുതിയ ക്യാന്പയിൻ. നിർമിത ബുദ്ധിയും മറ്റ് ഡിജിറ്റൽ സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി അപകടസാധ്യത നേരത്തേ കണ്ടെത്തി നടപടിയെടുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗതാഗത മേഖലയിലെ പുതിയ പ്രവണതകളും മാറ്റങ്ങളും നിരീക്ഷിച്ച് ഭാവിയിൽ ആവശ്യമായ പദ്ധതികൾക്കും മുൻഗണനകൾക്കും രൂപം നൽകാനും ലക്ഷ്യമിടുന്നു.
ഭാവിയിലെ വിവിധ പദ്ധതികൾക്കും സംരംഭങ്ങൾക്കും മാർഗരേഖയായി വിഷൻ 2040 പ്രവർത്തിക്കുമെന്ന് ജനറൽ ട്രാഫിക് വിഭാഗം ഡയറക്‌ടർ ബ്രിഗേഡിയർ ജുമ സാലിം ബിൻ സുവൈദാൻ പറഞ്ഞു. സുരക്ഷയും സമൂഹത്തിന്റെ ക്ഷേമവും മെച്ചപ്പെടുത്തുന്നതിനൊപ്പം നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനും പദ്ധതി സഹായിക്കും. ഭാവി സാധ്യത മുൻകൂട്ടി വിലയിരുത്തുന്നതിനൊപ്പം നിലവിലെ സാഹചര്യങ്ങളും പുതിയ പ്രവണതകളും പരിശോധിച്ച് അപകടസാധ്യതകളും അവസരങ്ങളും കണ്ടെത്തും. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ സാഹചര്യങ്ങളെ നേരിടാനുള്ള പദ്ധതികളും തയ്യാറാക്കും. ഭാവിയിലെ പൊലീസ് പ്രവർത്തനങ്ങളിലും സുരക്ഷാ സംവിധാനങ്ങളുടെ രൂപീകരണത്തിലും യുവാക്കൾക്ക് കൂടുതൽ പങ്കാളിത്തം നൽകാനും ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി.









0 comments