അമിതവേഗത്തിൽ ബൈക്കിൽ അഭ്യാസം: ദുബായിൽ യുവാവ് പിടിയിൽ

ദുബായ്: മണിക്കൂറിൽ 290 കിലോമീറ്ററിലേറെ വേഗത്തിൽ ബൈക്കോടിക്കുകയും റോഡിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്ത യുവാവിനെതിരെ നടപടിയുമായി ദുബായ് പൊലീസ്. മുൻ ചക്രം ഉയർത്തി ബൈക്ക് ഓടിച്ചും വാഹനങ്ങൾക്കിടയിലൂടെ വെട്ടിച്ചും അപകടകരമായ രീതിയിൽ ഇയാൾ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദുബായ് പൊലീസിന്റെ പ്രത്യേക ട്രാഫിക് പട്രോൾ സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയും ബൈക്ക് പിടിച്ചെടുക്കുകയുംചെയ്തു. വാഹനം വിട്ടുനൽകുന്നതിന് 50,000 ദിർഹം പിഴ അടയ്ക്കണം. ഇതിനു പുറമെ നിയമനടപടികളും നേരിടേണ്ടിവരും.
ഇത്തരത്തിൽ ബൈക്ക് ഓടിക്കുന്നത് ഏറ്റവും അപകടകരമായ ഗതാഗത നിയമലംഘനങ്ങളിലൊന്നാണെന്ന് ട്രാഫിക് വിഭാഗം ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും പെട്ടെന്നുള്ള സാഹചര്യങ്ങളോട് പ്രതികരിക്കാനും കഴിയാത്ത സാഹചര്യമുണ്ടാകും. അപകടമുണ്ടായാൽ ഗുരുതര പരിക്കോ മരണത്തിനോ സാധ്യതയേറെയാണെന്നും അദ്ദേഹം പറഞ്ഞു.










0 comments