എഐ, വൈദ്യുത വാഹന മേഖല; ചൈനീസ് ബന്ധം ദൃഢമാക്കാൻ ദുബായ്

ദുബായ് : നിർമിത ബുദ്ധി, ഇലക്ട്രിക് വാഹനങ്ങൾ, സാമ്പത്തിക സാങ്കേതികവിദ്യ, നൂതന നിർമാണം, ചരക്കുനീക്കം, ഡിജിറ്റൽ അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളിൽ ചൈനയുമായുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കാൻ ദുബായ്. ചൈനീസ് നിക്ഷേപകരെയും കമ്പനികളെയും ദുബായിലെ വിവിധ മേഖലകളിലെ അവസരങ്ങളുമായി ബന്ധിപ്പിക്കാനായി ദുബായ് ചേംബേഴ്സ് സംഘടിപ്പിക്കുന്ന വ്യാപാര സമ്മേളനം ഒക്ടോബർ 14ന് ഷെൻഷെനിൽ നടക്കും. ദുബായ്-ചൈന വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രാദേശിക വിപണി വികസനം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും. ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട മേഖലകൾക്കാകും പ്രധാന പരിഗണന. നിർമിത ബുദ്ധിയുടെ വാണിജ്യ ഉപയോഗം, സ്വയംനിയന്ത്രിത ഗതാഗത സംവിധാനം, പുതിയ സാങ്കേതികവിദ്യകൾക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയും ചർച്ചയാകും.
സാമ്പത്തിക സാങ്കേതികവിദ്യ, നൂതന നിർമാണം, ഡിജിറ്റൽ അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളിലെ നിക്ഷേപസാധ്യതകളും ചർച്ചചെയ്യും. ചൈനീസ് വൈദ്യുത വാഹന, ഗതാഗത കമ്പനികൾക്ക് പശ്ചിമേഷ്യയിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള സാധ്യതകളും സമ്മേളനം പരിശോധിക്കും. ചൈനീസ് കമ്പനികൾക്ക് പശ്ചിമേഷ്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള കേന്ദ്രമായി ദുബായെ ഉയർത്തിക്കാട്ടുകയാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. ബിവൈഡി, ഹുവാവേ ക്ലൗഡ്, ബൈഡു, ടെൻസന്റ് ക്ലൗഡ് തുടങ്ങിയ പ്രമുഖ ചൈനീസ് കമ്പനികളുടെ പ്രതിനിധികൾ പങ്കെടുക്കും.
കമ്പനികളും നിക്ഷേപകരും തമ്മിലുള്ള കൂടിക്കാഴ്ചകൾ, മേഖലാതല ചർച്ചകൾ, ഉഭയകക്ഷി വ്യാപാര-നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള സമ്മേളനങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. അന്താരാഷ്ട്രതലത്തിൽ കമ്പനികളുടെ വളർച്ചയ്ക്ക് മൂലധനം, സംരംഭകത്വ പിന്തുണ, വിദഗ്ധ മാനവവിഭവശേഷി എന്നിവയുടെ പങ്കും ചർച്ചചെയ്യും.









0 comments