ദുബായ് വിമാനത്താവള പാർക്കിങ്ങിൽ സാലിക് ഇ-വാലറ്റ്; ഫീസ് അടയ്ക്കൽ ഇനി കൂടുതൽ വേഗത്തിൽ

ദുബായ്: ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ (DXB) പാർക്കിങ് സേവനങ്ങൾ കൂടുതൽ സ്മാർട്ടും വേഗവുമാകുന്നു. വിമാനത്താവളത്തിലെ എല്ലാ ടെർമിനലുകളിലും പാർക്കിങ് ഫീസ് അടയ്ക്കുന്നതിനായി സാലിക് ഇ-വാലറ്റ് (Salik E-Wallet) സംവിധാനം നടപ്പാക്കുന്നതിന് ദുബായ് എയർപോർട്ടും സാലിക്കും തമ്മിൽ 10 വർഷത്തെ കരാർ ഒപ്പുവെച്ചു. ജനുവരി 22 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും.
ദുബായ് എയർപോർട്ട് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തും, സാലിക് ചെയർമാൻ മത്താർ അൽ തായർ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. ടെർമിനൽ 1, 2, 3, കാർഗോ മെഗാ ടെർമിനൽ ഉൾപ്പെടെ 7,400 പാർക്കിങ് ഇടങ്ങളിൽ
സേവനം ലഭ്യമാകും. പാർക്കിംഗ് ഫീസ് അടയ്ക്കാൻ ക്യൂ നിൽക്കേണ്ടതില്ല; സാലിക് ഇ-വാലറ്റിൽ നിന്ന് തുക സ്വയമേവ ഈടാക്കും. വിമാനത്താവള പരിസരങ്ങളിലെ വാഹന തിരക്ക് കുറയ്ക്കുകയും ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യും.
നിലവിൽ യുഎഇയിലെ 47 ലക്ഷത്തിലധികം വാഹനങ്ങൾ സാലിക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ, വലിയൊരു വിഭാഗം ഉപഭോക്താക്കൾക്ക് പുതിയ സംവിധാനം ആശ്വാസകരമാകും. നിലവിലുള്ള മറ്റ് പേയ്‌മെന്റ് മാർഗങ്ങളോടൊപ്പം അധിക സൗകര്യമായാണ് സാലിക് ഇ-വാലറ്റ് അവതരിപ്പിക്കുന്നത്. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുകയാണ് മുൻഗണനയെന്നും സാലിക്കുമായുള്ള സഹകരണം പാർക്കിങ് നടപടികൾ വേഗത്തിലാക്കാനും എക്സിറ്റ് പോയിന്റുകളിലെ തിരക്ക് കുറയ്ക്കാനും സഹായിക്കുമെന്നും ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്സ് വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ 2025ലെ ആദ്യ ഒമ്പത് മാസങ്ങളിൽ മാത്രം 7 കോടിയിലധികം യാത്രക്കാർ സഞ്ചരിച്ചു.










0 comments