ദുബായ് വിമാനത്താവളത്തിന് സമീപത്തെ ആദ്യ എയർ ടാക്സി വെർട്ടിപോർട്ട്: 60 ശതമാനം നിർമാണം പൂർത്തിയായി

photo credit: Dubai Media Office
ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നിർമിക്കുന്ന രാജ്യത്തെ ആദ്യ എയർ ടാക്സി വെർട്ടിപോർട്ടിന്റെ 60 ശതമാനം നിർമാണവും പൂർത്തിയായതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. 2026-ൽ എയർ ടാക്സി സേവനം ആരംഭിക്കാൻ ദുബായ് മുന്നോട്ടു പോകുന്ന പശ്ചാത്തലത്തിലാണ് നിർമാണ വേഗത വർധിപ്പിച്ചിരിക്കുന്നത്. എമാർ പ്രോപ്പർട്ടീസ്, അറ്റ്‌ലാന്റിസ് ദ റോയൽ, വാസ്ൽ ആസറ്റ് മാനേജ്മെന്റ് ഗ്രൂപ്പ് എന്നിവയുമായി ഒപ്പുവെച്ച കരാറുകൾ പ്രകാരം നഗരത്തിലെ മൂന്ന് പ്രധാന ഇടങ്ങളിലേക്കും അധിക വെർട്ടിപോർട്ടുകൾ വരും.
സ്കൈപോർട്സ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്ന വിമാനത്താവളത്തിനരികിലെ വർട്ടിപോർട്ട് ലോകത്തിലെ ആദ്യ മാതൃകയായി വിലയിരുത്തപ്പെടുന്നു. നാല് നിലകളിലായി 3,100 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സംവിധാനം പാർക്കിംഗ് സൗകര്യം, ടേക്ക് ഓഫ്–ലാൻഡിംഗ് പാഡുകൾ, ഇ–വിമാനങ്ങളുടെ ചാർജിംഗ് സംവിധാനങ്ങൾ, പൂർണ്ണ എയർ കണ്ടീഷൻ ചെയ്‌ത ഇടങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. വർഷത്തിലൊരിക്കൽ 42,000 ലാൻഡിംഗുകളും ഏകദേശം 1.7 ലക്ഷം യാത്രക്കാരെയും കൈകാര്യം ചെയ്യാൻ ഇവിടെ സാധിക്കും.
സബീൽ ദുബായ് മാൾ പാർക്കിംഗ് ഏരിയ, പാം ജുമൈറയിലെ അറ്റ്‌ലാന്റിസ് ദ റോയൽ, ദുബായ് മറീനയിലെ അമേരിക്കൻ യൂനിവേഴ്സിറ്റി പാർക്കിംഗ് ഏരിയ എന്നിവിടങ്ങളിലാണ് വരാനിരിക്കുന്ന മൂന്ന് വെർട്ടിപോർട്ടുകൾ നിർമിക്കുന്നത്. ഇവയാണ് 2026-ലെ എയർ ടാക്സി സർവീസിന്റെ ആദ്യ റൂട്ടുകൾ. അടുത്തിടെ മാർഘം ജെറ്റ്‌മാൻ ഹെലിപാഡിൽ നിന്ന് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 17 മിനിറ്റ് ദൈർഘ്യമുള്ള രാജ്യത്തെ ആദ്യ ക്രൂഡ് eVTOL പറക്കലും ആർടിഎ പൂർത്തിയാക്കിയിരുന്നു. ജോബി ഏവിയേഷൻ വികസിപ്പിച്ച ഇലക്ട്രിക് എയർ ടാക്സിയാണ് പരീക്ഷണത്തിൽ ഉപയോഗിച്ചത്.
ജോബി ഏവിയേഷന്റെ വൈദ്യുത എയർ ടാക്സികൾ ആറു റോട്ടറുകളുള്ളതും നാല് യാത്രക്കാരെയും ഒരു പൈലറ്റിനെയും വഹിക്കാൻ കഴിയുന്നതുമാണ്. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയും 160 കിലോമീറ്റർ ദൂരം സഞ്ചരിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. പരമ്പരാഗത ഹെലികോപ്റ്ററുകളേക്കാൾ കുറഞ്ഞ ശബ്ദനിലയിലാണു പ്രവർത്തനം.
വർട്ടിപോർട്ടുകളുടെ വികസനം മുന്നോട്ടു കൊണ്ടുപോകുന്നത് ചരിത്രപരമായ മുന്നേറ്റമാണെന്ന് സ്കൈപോർട്സ് ഇൻഫ്രാസ്ട്രക്ചർ സിഇഒ ഡങ്കൻ വാക്കർ പറഞ്ഞു. ആർടിഎ , ജിസിഎഎ , ഡിസിഎഎ , ഡിഎഎൻഎസ്, സ്കൈപോർട്സ് ഇൻഫ്രാസ്ട്രക്ചർ, ജോബി ഏവിയേഷൻ എന്നിവർ ചേർന്നാണ് എയർ ടാക്സി നിർമിക്കുന്നത്. 2026ൽ വാണിജ്യ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യം.










0 comments