ഡ്രോൺ അവശിഷ്ടം വൈദ്യുതി ലൈനിൽ; കുവൈത്തിൽ ഭാഗിക വൈദ്യുതി മുടക്കം

കുവൈത്ത് സിറ്റി: പ്രതിരോധ നടപടികൾക്കിടെ തകർന്നു വീണ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ ഏഴ് ഓവർഹെഡ് വൈദ്യുതി ട്രാൻസ്മിഷൻ ലൈൻ പ്രവർത്തനരഹിതമായതായി വൈദ്യുതി, ജലം, നവീകരണ ഊർജ മന്ത്രാലയം അറിയിച്ചു. തുടർന്ന് ചില പ്രദേശങ്ങളിൽ ഭാഗികമായ വൈദ്യുതി മുടക്കം അനുഭവപ്പെട്ടു. വൈദ്യുതി വിതരണം വേഗത്തിൽ പുനഃസ്ഥാപിക്കാൻ അടിയന്തര അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് എൻജിനിയർ ഫാത്തിമ ജൗഹർ ഹയാത്ത് വ്യക്തമാക്കി.
അധികൃതരുമായി ഏകോപനം പുലർത്തി ബാധിത പ്രദേശങ്ങൾ സുരക്ഷിതമാക്കിയതിനുപിന്നാലെ പ്രത്യേക സാങ്കേതിക സംഘങ്ങൾ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. പിന്നാലെ അറ്റകുറ്റപ്പണികൾ ആരംഭിക്കുകയും ചെയ്‌തു. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് എല്ലാ പ്രവർത്തനങ്ങളും നടത്തുന്നതെന്നും അവർ പറഞ്ഞു. പുലര്‍ച്ചെ തടസ്സപ്പെട്ട വൈദ്യുതി ബന്ധം ഉച്ചയോടെയാണ് ഭാഗികമായി പുനഃസ്ഥാപിച്ചത്. നാലുമുതല്‍ ആറു മണിക്കൂര്‍വരെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
വൈദ്യുതി ശൃംഖലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉടൻ പ്രതികരിക്കാൻ അടിയന്തര സംഘങ്ങൾ 24 മണിക്കൂറും സജ്ജമായിരിക്കുകയാണ്. സേവന തുടർച്ച ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽനിന്ന് മാത്രം സ്വീകരിക്കണം. കൂടുതൽ വിവരങ്ങൾ തുടർച്ചയായി അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.










0 comments