ഡ്രോൺ അവശിഷ്ടം വൈദ്യുതി ലൈനുകളിൽ; കുവൈത്തിൽ ഭാഗിക വൈദ്യുതി മുടക്കം

കുവൈത്ത് സിറ്റി : വ്യോമ പ്രതിരോധ തടയൽ നടപടികൾക്കിടെ വീണ ഡ്രോൺ അവശിഷ്ടങ്ങൾ മൂലം കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴ് ഓവർഹെഡ് വൈദ്യുതി ട്രാൻസ്മിഷൻ ലൈനുകൾ പ്രവർത്തനരഹിതമായതായി വൈദ്യുതി, ജലം, നവീകരണ ഊർജ മന്ത്രാലയം അറിയിച്ചു. ഇതിനെ തുടർന്ന് ചില പ്രദേശങ്ങളിൽ ഭാഗികമായ വൈദ്യുതി മുടക്കം അനുഭവപ്പെട്ടതായും, വൈദ്യുതി വിതരണം വേഗത്തിൽ പുനഃസ്ഥാപിക്കാൻ അടിയന്തര അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതായും മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് എൻജിനീയർ ഫാത്തിമ ജൗഹർ ഹയാത്ത് വ്യക്തമാക്കി.
സുരക്ഷാ അധികൃതരുമായി ഏകോപനം പുലർത്തി ബാധിത പ്രദേശങ്ങൾ സുരക്ഷിതമാക്കിയതിന് പിന്നാലെ പ്രത്യേക സാങ്കേതിക സംഘങ്ങൾ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തുകയും അറ്റകുറ്റപ്പണികൾ ആരംഭിക്കുകയും ചെയ്യും. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് എല്ലാ പ്രവർത്തനങ്ങളും നടത്തുന്നതെന്നും അവർ പറഞ്ഞു.
വൈദ്യുതി ശൃംഖലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉടൻ പ്രതികരിക്കാൻ അടിയന്തര സംഘങ്ങൾ 24 മണിക്കൂറും സജ്ജമായിരിക്കുകയാണെന്നും, സേവന തുടർച്ച ഉറപ്പാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുമാത്രം സ്വീകരിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ച മന്ത്രാലയം, കൂടുതൽ വിവരങ്ങൾ തുടർച്ചയായി അറിയിക്കുമെന്നും വ്യക്തമാക്കി.









0 comments